തിരുവനന്തപുരം: എംഎസ്‍സി എൽസ3 കപ്പലപകടം മത്സ്യമേഖലയിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. മീനുകളുടെ പ്രജനന കാലമായിരുന്നതിനാൽ മുട്ടകൾ ചുരുങ്ങി പോയതായും രൂപമാറ്റം സംഭവിച്ചതായും കണ്ടെത്തി.
ഇതിൻ്റെ പ്രത്യാഘാതം അടുത്ത വർഷം പ്രതിഫലിക്കുമെന്നും കേരള ഫിഷറീസ് സർവകലാശാല തയ്യാറാക്കിയ ഹ്രസ്വകാല റിപ്പോർട്ടിൽ പറയുന്നു.ചുരുങ്ങിയ നിലയിലും രൂപമാറ്റം വന്ന നിലയിലുമായിരുന്നു മീൻമുട്ടകൾ.
ഇത് വിരിയുന്ന മീനുകളിൽ വൈകല്യമുണ്ടാക്കുമെന്ന് പഠനത്തിൽ പറയുന്നു. പ്രത്യാഘാതം അടുത്ത വർഷത്തെ മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ്.84 ടൺ മറൈൻ ഡീസൽ,367 ടൺ സൾഫർ അടങ്ങിയ എണ്ണ, 60 കണ്ടെയ്നറുകളിൽ ചെറിയ പ്ലാസ്റ്റിക് പെല്ലറ്റ്, 58 കണ്ടെയ്നറുകളിൽ കാത്സ്യം ഓക്സൈഡ് തുടങ്ങിയവയാണ് കപ്പലിലുണ്ടായിരുന്നത്.
വെള്ളവുമായുള്ള ചില രാസ പദാർഥങ്ങളുടെ പ്രതിപ്രവർത്തനം അസന്തുലിതാവസ്ഥയ്ക്കും മത്സ്യ മുട്ടകളുടെ നാശത്തിനും ഇടയാക്കുമെന്നും റിപ്പോർട്ടിലുണ്ട്.വിപുലമായ നിരീക്ഷണം വേണമെന്നും സമുദ്രോപരിതലത്തിൽ രാസ പരിശോധന പ്രതിമാസം നടത്തണമെന്നും ഫിഷറീസ് സർവകലാശാലയുടെ റിപ്പോർട്ട് നിർദേശിക്കുന്നു.
മത്സ്യ ഇനങ്ങളുടെ മാറ്റം, രാസ ചോർച്ചയുടെ സ്വാധീനം തുടങ്ങിയവ പഠിക്കാൻ ലബോറട്ടറി പഠനം നടത്തണം. മുട്ടകൾ, ലാർവകൾ എന്നിവ പരിശോധിക്കണം.
