ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ചത് നയതന്ത്രതലത്തിൽ ചർച്ചയാകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നൽകുന്നുവെന്ന് ആരോപിച്ച ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ ഇന്ത്യയും ചൈനയുമാണ് യുക്രെയ്നിലെ യുദ്ധത്തിന് പ്രധാനമായും പണം നൽകുന്നതെന്ന് ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ റഷ്യൻ ഊർജ ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്താത്തതിനെയും അദ്ദേഹം വിമർശിച്ചു.
ഈ നിലപാട് തുടർന്നാൽ, ഇന്ത്യയ്ക്ക് മേൽ കൂടുതൽ ശക്തമായ താരിഫുകൾ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.ഇന്ത്യ-പാക്ക് സംഘർഷവും ട്രംപിന്റെ പ്രസംഗത്തിൽ പരാമർശവിഷയമായി.
താൻ അധികാരമേറ്റതിന് ശേഷം ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇതിലൊന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷമാണെന്നുംഅദ്ദേഹം ആവർത്തിച്ചു. ഇതിന് നൊബേൽ സമ്മാനം ലഭിക്കാൻ താൻ അർഹനാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ട്രംപിന്റെ ഈ വാദം ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്.
