പാകിസ്താൻ അതിർത്തിയോട് ചേർന്ന ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മത്സരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാർ. കോടിക്കണക്കിന് ഡോളറാണ് ഈ മേഖലയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ മുടക്കുന്നത്.
ഇന്ത്യയുടെ പുതിയ ഊർജ്ജ മേഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാൻ ഓഫ് കച്ചിൽ വമ്പൻ പ്രഖ്യാപനവുമായി ആദ്യം എത്തിയത് അദാനി ഗ്രൂപ്പാണ്.
ലോകത്തെ ഏറ്റവും വലിയ ഹരിത ഊർജ്ജ പദ്ധതിയായി കണക്കാക്കുന്ന അദാനി ഗ്രൂപ്പിൻ്റെ ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് തന്നെയാണ് ഈ മേഖലയിലെ നിലവിലെ വമ്പന്മാർ.
ഏതാണ്ട് 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാരീസ് നഗരത്തിൻ്റെ അഞ്ചിരട്ടി വലിപ്പമുണ്ട് ഈ പ്ലാൻ്റിനെന്നാണ് കണക്കാക്കപ്പെടുന്നത്.സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും 30 ജിഗാവാട്ട് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പാർക്ക് ലക്ഷ്യമിടുന്നത്.
2022ലാണ് ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി മാസത്തിൽ ദേശീയപവർ ഗ്രിഡിലേക്ക് ഇവിടെ നിന്നും ആദ്യമായി വൈദ്യുതി നൽകിയെന്നാണ് അദാനി ഗ്രൂപ്പ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്.
2029 ഓടെ പദ്ധതി 30 ജിഗാവാട്ടായി ഉയർത്താൻ കമ്പനി പദ്ധതിയിടുകയാണ്. ഇത് 50 ജിഗാവാട്ടായി വികസിപ്പിക്കാനുള്ള ചർച്ചകളും നടന്ന് വരുന്നതായാണ് റിപ്പോർട്ട്.
