ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പ്രകോപനപരമായ ആക്ഷന്‍ കാണിച്ചതിന് പാക് താരങ്ങള്‍ക്കെതിരെ ഔദ്യോഗികമായി ഇന്ത്യ ഐ.സി.സിയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഹാരിസ് റൗഫിനെതിരെയും സാഹിബ്ഹ്സാദ ഫര്‍ഹാനെതിരെയുമാണ് ഇന്ത്യ പരാതി നല്‍കിയത്.
ഒന്നും രണ്ടുമല്ലസെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും നടത്തിയ സെലിബ്രേഷനെതിരെയാണ് പരാതി.
ഇന്ത്യക്കെതിരെയായ മത്സരത്തില്‍ ഫര്ഹാന് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് പിന്നാലെ താരം ബാറ്റ് ഉപയോഗിച്ച് ഗാലറിയിലേക്ക് വെടി വെക്കുന്നത് പോലെ ആംഗ്യം കാണിച്ചിരുന്നു.പിന്നാലെ ഇന്ത്യ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ റൗഫ് വിമാനം നിലത്തേക്ക് പതിക്കുന്ന രീതിയിലുള്ള ആംഗ്യം കാണിച്ചിരുന്നു.
താരം ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ആരാധകര്‍ ‘കോഹ്ലി, കോഹ്ലി’ എന്ന് ആര്‍ത്തു വിളിച്ചപ്പോഴായിരുന്നു ഈ സംഭവം.
ഈ രണ്ട് സെലിബ്രേഷന് ചൂണ്ടിക്കാട്ടിയാണ് ബി.സി.സി.ഐ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുന്നത്.ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിശദീകരം നല്കാന് വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഐ.സി.സി എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്സണിന്റെ മുമ്പാകെയാവും ഇരുവര്‍ക്കും ഹാജരാകേണ്ടി വരികയെന്നാണ് വിവരം.വിശദീകരണം തൃപതികരമല്ലെങ്കില്‍ റൗഫിനെതിരെയും ഫര്‍ഹാനെതിരെയും നടപടിയുണ്ടായേക്കും.
ഇന്ത്യയുടെ പരാതിക്ക് പിന്നാലെ, പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാനെതിരായ സെപ്റ്റംബര്‍ 14ലെ ഗ്രൂപ്പ് മത്സരത്തില്‍ ശേഷം സൂര്യ വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ വിജയം ഓപ്പറേഷന് സിന്ദൂരില്‍ പങ്കെടുത്ത സൈന്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് പരാതി നല്‍കിയതെന്നാണ് വിവരം. ഇന്ത്യന്‍ നായകന്റെ ഈ പരാമര്‍ശം രാഷ്ട്രീയമാണെന്ന് ആരോപിച്ചാണ് പരാതി.
