2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തീപാറുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഫൈനലിന് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാണെന്നാണ് വിലയിരുത്തല്‍.
മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നതിന്റെ ആകാംക്ഷയും ആരാധകരിലുണ്ട്.
പാകിസ്ഥാനെതിരെ ആദ്യമായിട്ടാണ് സഞ്ജു ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അതിനുപരി കളത്തിലിറങ്ങിയാല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
ഇനി വെറും 31 റണ്‍സ് നേടാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് എന്ന സൂപ്പര്‍ നേട്ടത്തിലെത്താന്‍ ബിഗ് ഹിറ്റര്‍ക്ക് സാധിക്കും.നിലവില്‍ 48 മത്സരങ്ങളിലെ 41 ഇന്നിങ്‌സില്‍ നിന്ന്969 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കി. മാത്രമല്ല 26.2 എന്ന ആവറേജും 149.1 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.