ചെന്നൈ: കരൂരില്‍ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഫലമെന്ന് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയില്‍. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.ടിവികെയുടെ റാലികള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.
റാലികള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ അനുമതി നല്കാന് സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. റാലിക്ക് അനുവദിച്ച വേദികള്‍ പലതും സൗകര്യം കുറഞ്ഞവയാണെന്നും ആരോപണമുണ്ട്. കരൂരിലെ റാലിക്കിടെ വൈദ്യുതി വിച്ഛേദിച്ചുവെന്നും ടിവികെ കുറ്റപ്പെടുത്തുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിട്ടുവെന്നും ആള്‍ക്കൂട്ടത്തിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതാണ് അപകടത്തിന് പ്രധാന കാരണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അപകടശേഷം ആശുപത്രിയിലേക്ക് മന്ത്രിമാര്‍ ഉടന്‍ എത്തിയതിലൂടെ ഇക്കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു എന്ന് വ്യക്തമാണ്.
കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ജുഡീഷ്യല്‍ അന്വേഷണം. ഇതിലൂടെ നീതി ഉറപ്പാക്കാന്‍ കഴിയില്ല. രാഷ്ട്രീയ വൈരമാണ് ദുരന്തത്തിലേക്ക് നയിച്ചത്.
അപകട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. അപകടത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് എത്തുന്നതില്‍ നിന്ന് ടിവികെ നേതാക്കളെ സര്‍ക്കാര്‍ തടയരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.