വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം. വിശാഖപട്ടണത്ത്, ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അലീസ ഹീലിയാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.എല്ലിസ് പെറി (പുറത്താവാതെ 47), അഷ്ലി ഗാര്‍ഡ്നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണായകമായി.വനിതാ ഏകദിനത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക 301 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്തായി. 2012ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ 288 ചേസ് ചെയ്ത് ജയിച്ചതും പട്ടികയിലുണ്ട്. 2023ല്‍ വാംഖെഡില്‍ ഇന്ത്യക്കെതിരെ, ഓസ്‌ട്രേലിയ 282 റണ്‍സ് മറികടന്നിരുന്നു. ഈ വര്‍ഷം ചണ്ഡിഗഡില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 281 റണ്‍സും മറികടന്നു. ഇത് അഞ്ചാം സ്ഥാനത്തായി

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സ്മൃതി മന്ദാന (66 പന്തില്‍ 80), പ്രതിക റാവല്‍ (96 പന്തില്‍ 75) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

48.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്താവുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ച് വിക്കറ്റ് വീഴ്ത്തി. സോഫി മൊളിനെക്സിന് മൂന്ന് വിക്കറ്റുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *