ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയവുമായി രണ്ട് മത്സര പരമ്പര തൂത്തുവാരി ഇന്ത്യ. 58 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ധ്രുവ് ജുറെല്‍ ആറ് റണ്‍സുമായി രാഹുലിനൊപ്പം വിജയത്തില്‍ കൂട്ടായി.
സായ് സുദര്‍ശന്റെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്ക്യാപ്റ്റനായശേഷം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് ക്രീസിലിറങ്ങിയത്.
ജയത്തിലേക്ക് 58 റണ്‍സ് കൂടിയായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. സ്കോര്‍ 88ല്‍ നില്‍ക്കെ സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ഷായ് ഹോപ്പ് സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി.
ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒരു ഫോറും ഒരു സിക്സും അടിച്ച് തുടങ്ങിയെങ്കിലും 15 പന്തില്‍ 13 റണ്‍സെടുത്ത് ജസ്റ്റിന് ഗ്രീവ്സിന്റെ പന്തില്‍ റോസ്റ്റൻ ചേസിന് ക്യാച്ച് നല്കി മടങ്ങി. പിന്നീടെത്തിയ ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയവര കടത്തി.