പെര്‍ത്ത്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 131 റണ്‍സ് വിജയലക്ഷ്യം. മഴ പലതവണ തടസപെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു.

അവസാന ഓവറില്‍ മാത്യു കുനെമാനെതിരെ രണ്ട് സിക്സ് അടക്കം 11 പന്തില്‍ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യൻ ഇന്നിംഗ്സ് 130 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മഴ മൂലം നാലാം തവണ കളി നിര്‍ത്തുമ്പോള്‍ 16.4 ഓവറില്‍ 52-4 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ അവസാന 10 ഓവറില്‍ 86 റണ്‍സടിച്ചാണ് 136 റണ്‍സിലെത്തിയത്. 31 പന്തില്‍ 38 റണ്‍സടിച്ച കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

അക്സര്‍ പട്ടേല്‍ 38 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 10 റണ്‍സടിച്ചു. 16.4 ഓവറില്‍ 52-4 എന്ന സ്കോറില്‍ മഴയുടെ ഇടവേളക്ക് ശേഷം ക്രീസിലെത്തിയ ഇന്ത്യക്കായി കെ എല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. രണ്ട് ഫോറും രണ്ട് സിക്സും രാഹുല്‍ പറത്തി.

മികച്ച പിന്തുണ നല്‍കിയ അക്സര്‍ പട്ടേലിനെ ഇരുപതാം ഓവറില്‍ കുനെമാൻ മടക്കി. പിന്നാലെ വാഷിംഗ്ടൺ സുന്ദറെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ 100 കടത്തി. 24-ാം ഓവറല്‍ സ്കോര്‍ 115ല്‍ നില്‍ക്കെ സുന്ദറും 25-ാം ഓവറില്‍ രാഹുലും മടങ്ങിയതിനുശേഷം നിതീഷിന്‍റെ രണ്ട് സിക്സുകള്‍ ഇന്ത്യയെ 130 കടത്തി.

Leave a Reply

Your email address will not be published. Required fields are marked *