ഇൻഡോർ∙ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം പരോക്ഷമായി സ്ഥിരീകരിച്ച് സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചൽ. സ്മൃതി, ഉടൻ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സ്ഥിരീകരണമായത്.
ഇൻഡോർ സ്വദേശിയാണ് പലാഷ് മുച്ചൽ.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ഥന, ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തിനായി ഇൻഡോറിലുണ്ട്.
‘‘ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതിക്കും എന്റെ ആശംസകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമാകണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നു.’’– പലാഷ് കൂട്ടിച്ചേർത്തു.
