പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ ഇന്ത്യക്ക് നാളെ ജയിക്കേണ്ടതുണ്ട്. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.
പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കീഴില്‍ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റം വരുത്താന്‍ ഇടയില്ല. ആദ്യ ഏകദിനത്തില്‍ എട്ട് റണ്‍സിന് പുറത്തായെങ്കിലും രോഹിത് ശര്‍മ ഓപ്പണിംഗ് സ്ഥാനത്ത് തുടരും. സഹ ഓപ്പണറായി ഗില്‍. കോലി മൂന്നാം സ്ഥാനത്ത് തുടരും. ആദ്യ ഏകദിനത്തില്‍ റണ്‍സെടുക്കാതെ പുറത്തായിരുന്നു കോലി. ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ കളിക്കും.
പെര്‍ത്തില്‍ 11 റണ്‍സിന് പുറത്തായെങ്കിലും വീണ്ടും അവസരം നല്‍കും. പെര്‍ത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ എന്നിവരെയും മാറ്റിനിര്‍ത്തില്ല. എന്നാല്‍ സാഹചര്യത്തിന് അനുസരിച്ച് ബാറ്റിംഗ് പൊസിഷന്‍ മാറ്റം വന്നേക്കും.
പെര്‍ത്തില്‍ അക്‌സര്‍ അഞ്ചാമനും രാഹുല്‍ ആറാം സ്ഥാനത്തുമായിരുന്നുമാറ്റമുണ്ടായേക്കാവുന്ന ഏക സ്ഥാനം വാഷിംഗ്ടണ്‍ സുന്ദറിന്റേതാണ്. നിതീഷ് കുമാര്‍ റെഡ്ഡിക്കും മുമ്പ് ഏഴാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ 10 പന്തില്‍ 10 റണ്‍സെടുക്കാന്‍ മാത്രമായിരുന്നു സാധിച്ചിരുന്നത്.
താരത്തിന്റെ പ്രകടനത്തിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. വാഷിംഗ്ടണിന് പകരം കുല്‍ദീപ് യാദവിനെ സ്പിന്നറായി കളിപ്പിച്ചേക്കാം. വാഷിംഗ്ടണ്‍ കളിച്ചാലും ഇല്ലെങ്കിലും നിതീഷിന് സ്ഥാനക്കയറ്റം ലഭിക്കും.
പെര്‍ത്തില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനം ഉണ്ടാക്കാതെ പോയ ഹര്‍ഷിത് റാണയേയും മാറ്റാനാണ് സാധ്യത. പകരം പ്രസിദ്ധ് കൃഷ്ണ ടീമലെത്തിയേക്കും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും ടീമില്‍ തുടരും.