ന്യൂഡൽഹി ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറാൻ തയാറാകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വിയുടെ ‘പ്രതിഷേധം’ തുടരുന്നു. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ മൊഹ്സിൻ നഖ്‌വിയ്ക്ക് കത്തയച്ചിരുന്നു.
ഒരു ഇന്ത്യൻ താരത്തെ തന്റെ അടുത്തേക്ക് അയച്ചാൽ തന്നു വിടാമെന്നായിരുന്നു നഖ്‍വിയുടെ നിലപാട്. ബിസിസിഐയ്ക്കു താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ സമ്മാനദാനച്ചടങ്ങ്സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‍വി മുന്നോട്ടുവച്ചു.ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ബോർഡുകൾ ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുത്തിട്ടും ട്രോഫി കൈമാറാൻ നഖ്‌വി വിസമ്മതിച്ചതായാണ് വിവരം.
ട്രോഫി വേണമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) പ്രതിനിധി തന്റെ കയ്യിൽ നിന്നു നേരിട്ടു വാങ്ങണമെന്നാണ് നഖ്‌വിയുടെ നിലപാട്. എന്നാൽ നഖ്‌വിയുടെ കയ്യിൽ നിന്ന് ട്രോഫി വാങ്ങാൻ തയാറല്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
ഏഷ്യാകപ്പ് വിജയികളായിട്ടും ട്രോഫി നൽകാത്തതിൽ പാക്കിസ്ഥാൻ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ ഘട്ടംഘട്ടമായുള്ള നീക്കങ്ങളാണ് ബിസിസിഐ നടത്തുന്നത്.
അതിന്റെ ഭാഗമായാണ് നഖ്‍വിയ്ക്ക് കത്തയച്ചത്. സെപ്റ്റംബർ 28ന് നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. വിജയിച്ച് ഒരു മാസത്തോളമായിട്ടും ട്രോഫി ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.