തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് എസ്ഐടി സംഘം പെരുന്നയിലെ വീട്ടിൽ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയ വിവാദ കാലയളവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു.
മുരാരി ബാബുവിന്റെ റിപ്പോര്‍ട്ടിലാണ് ആദ്യമായി ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത്. 2024ല്‍ മുരാരി ബാബു എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കുമ്പോള്‍ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന് പോറ്റിക്ക് നൽകുകയായിരുന്നു.
ശബരിമലയിലെ സ്വർണ മോഷണത്തിന് കളമൊരുക്കിയത് ഉദ്യോഗസ്ഥ അട്ടിമറിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ബോർഡ് തീരുമാനം മറികടന്നാണ് ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ശിൽപ്പങ്ങൾ കൊടുത്തയച്ചത്.
ഇതിന് പിന്നിൽ ദേവസ്വം സെക്രട്ടറിയുടെ ഇടപെടലാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ ശിൽപ്പങ്ങൾ കൊണ്ടുപോകാൻ ആയിരുന്നു ബോർഡ് തീരുമാനം.
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് അട്ടിമറിക്ക് പിന്നിലെന്നും സൂചനയുണ്ടായിരുന്നു.സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയിൽ നിന്നും രണ്ട് ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.