ഹേഗ്: ഇസ്രഈല്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ).

സ്‌ഫോടനങ്ങള്‍ നടന്ന ഗസ മുനമ്പിലും അതിന്റെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അതിന് ഇസ്രഈല്‍ ബാധ്യസ്ഥരാണെന്നും ഐക്യരാഷ്ട്ര സഭയുടെ കോടതി പറഞ്ഞു. പതിനൊന്ന് ജഡ്ജിമാരുടെ പാനലാണ് ആവശ്യം ഉന്നയിച്ചത്.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി ഗസയിലെ കിഴക്കന്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ)ക്ക് ഇസ്രഈല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനെ അന്താരാഷ്ട്ര നീതിന്യായ കോടതി വിമര്‍ശിച്ചു.2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണങ്ങളില്‍ യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ ജീവനക്കാര്‍ പങ്കെടുത്തെന്ന് ആരോപിച്ചായിരുന്നു നിരോധനം. എന്നാല്‍ ആരോപണം തെളിയിക്കുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടെന്ന് ഐ.സി.ജെ പ്രതികരിച്ചു.

യു.എന്‍.ആര്‍.ഡബ്ല്യു.എ ഹമാസിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നതിന് തെളിവ് ഹാജരാക്കാന്‍ ഇസ്രഈലിനായില്ല. യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും ഹമാസില്‍ അംഗങ്ങളാണ് എന്ന വാദം നീതീകരിക്കാനാകുന്നതല്ലെന്ന് ഐ.സി.ജെ അധ്യക്ഷന്‍ യുജി ഇവാസാവ പറഞ്ഞു.

അതേസമയം, ഐ.സി.ജെയുടെ പ്രതികരണത്തെ ലജ്ജാകരം എന്നാണ് ഐക്യരാഷ്ട്ര സഭയിലെ അംബാസഡര്‍ ഡാനി ഡാനോണ്‍ വിമര്‍ശിച്ചത്. യു.എന്‍ സ്ഥാപനങ്ങള്‍ ഭീകരരെ വളര്‍ത്തുന്ന കേന്ദ്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

കോടതി നടപടി ക്രമങ്ങളില്‍ നിന്നും ഇസ്രഈല്‍ വിട്ടുനിന്നു.ലോക കോടതി എന്നറിയപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായങ്ങള്‍ക്ക് നിയമപരമായ പ്രാധാന്യമുണ്ടെങ്കിലും ഇവ നടപ്പാക്കണമെന്നത് നിര്‍ബന്ധമില്ല. കോടതിക്ക് ഉത്തരവ് നടപ്പാക്കാന്‍ അധികാരവുമില്ല.

അതേസമയം, മാര്‍ച്ച് മുതല്‍ മേയ് വരെ ഗസയിലേക്ക് സഹായം എത്തിക്കുന്നത് വിലക്കിക്കൊണ്ട് ഇസ്രഈല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചെന്ന് ഐക്യരാഷ്ട്ര സഭയുടെയും ഐ.സി.ജെയിലെ ഫലസ്തീന്‍ പ്രതിനിധികളുടെയും അഭിഭാഷകര്‍ ആരോപിച്ചിരുന്നു.

ദുരന്തവും അരങ്ങേറിയെന്നും ഇതിനെ ലഘീകരിക്കുന്നതിനുള്ള നടപടികളൊന്നും ഫലം കണ്ടില്ലെന്നും യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥയില്‍ ഒപ്പുവെച്ച ഗസ സമാധാന പദ്ധതി പ്രകാരം ഗസയിലേക്ക് ഒരു ദിവസം 600 ട്രക്ക് സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും.

എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. സഹായങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്നും അത് ഹമാസിനെ പ്രതിരോധത്തിലാക്കാനാണെന്നുമാണ് ഇസ്രഈലിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *