ദുബായ് ∙ കരിയർ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും നേട്ടങ്ങളുടെ പാരമ്യത്തിലാണ് താനെന്ന് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ വീണ്ടു തെളിയിക്കുന്നു. ഏകദിന ബാറ്റർമാരുടെ ഏറ്റവും പുതിയ റാങ്കിങ് ഐസിസി പുറത്തുവിട്ടപ്പോൾ ഒന്നാംസ്ഥാനത്തുള്ളത് മുപ്പത്തെട്ടുകാരൻ രോഹിത്. 18 വർഷം ദൈർഘ്യമുള്ള രോഹിത്തിന്റെ ഏകദിന കരിയറിലെ ആദ്യ ഒന്നാം റാങ്ക് നേട്ടം.
ഏകദിന റാങ്കിങ്ങിന്റെ തലപ്പത്തെത്തുന്ന പ്രായംകൂടിയ ബാറ്ററെന്ന റെക്കോർഡും സ്വന്തമാക്കിയ രോഹിത് ശർമ മറികടന്നത് വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചഡ്സിനെ (37 വയസ്സ്).2007ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഹിറ്റ്മാൻ മുൻപ് പലതവണ രണ്ടാംറാങ്ക് വരെ ഉയർന്നെങ്കിലും ഒന്നാംറാങ്ക് എത്തിപ്പിടിക്കാനായിരുന്നില്ല.
വിരാട് കോലിയായിരുന്നു അപ്പോഴെല്ലാം ഒന്നാംസ്ഥാനത്ത്. കഴിഞ്ഞയാഴ്ചത്തെ റാങ്കിങ്ങിൽ മൂന്നാമതായിരുന്ന രോഹിത്തിനെ ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചറിയാണ് ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. 781 റാങ്കിങ് പോയിന്റുകൾ സ്വന്തമാക്കിയ രോഹിത്തിന്റെ കുതിപ്പിൽ ഒന്നാം റാങ്ക് നഷ്ടമായത് ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനാണ്.
ഗിൽ മൂന്നാം റാങ്കിലേക്ക് താഴ്ന്നപ്പോൾ അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ രണ്ടാംറാങ്ക് നിലനിർത്തി.റാങ്കിങ്ങിൽ രോഹിത്തിന്റെ വളർച്ച
∙ 2008: 77
∙ 2010: 60
∙ 2012: 52
∙ 2014: 15
∙ 2016: 9
∙ 2018: 2
∙ 2020: 2
∙ 2022: 7
∙ 2024: 2
∙ 2025: 1