ദുബായ്: വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചെങ്കിലും ഹര്‍മന്‍പ്രീത് കൗറിന് പകരം ഐസിസി വനിതാ ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാർഡിനെയാണ്.

ടൂര്‍ണമെന്‍റില്‍ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും അടക്കം 71.37 ശരാശരിയില്‍ 571 റണ്‍സടിച്ച പ്രകടനമാണ് ഹര്‍മനെ മറികടന്ന് ടീമിന്‍റെ ക്യാപ്റ്റനും ഓപ്പണറുമായി ലോറ വോള്‍വാര്‍ട്ടിനെ തെരഞ്ഞെടുക്കാന്‍ കാരണമായത്.

ഇന്ത്യക്കായി ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ലോറക്ക് ഒപ്പം സഹ ഓപ്പണറായി എത്തുന്നത്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും അടക്കം സ്മൃതി 54.25 ശരാശരിയില്‍ 434 റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയക്കെതിരായ സെമിയില്‍ അപരാജിത സെഞ്ചുറി നേടിയ ഇന്ത്യയുടെ ജമീമ റോഡ്രിഗസാണ് മൂന്നാ നമ്പറില്‍. ടൂര്‍ണമെന്‍റിലാകം 208 റണ്‍സും 12 വിക്കറ്റുമായി ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ താരം മരിസാനെ കാപ്പ് നാലാം നമ്പറില്‍ ഇറങ്ങുമ്പോള്‍ 328 റണ്‍സും ഏഴ് വിക്കറ്റുമെടുത്ത ഓസ്ട്രേലിയയുടെ ആഷ് ഗാര്‍ഡ്നറാണ് അഞ്ചാം നമ്പറില്‍.

ഫൈനലിലെ അഞ്ച് വിക്കറ്റ് അടക്കം 22 വിക്കറ്റും മൂന്ന് അര്‍ധസെഞ്ചുറി അടക്കം 215 റണ്‍സുമാണ് ദീപ്തി സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ അനാബെല്‍ സതര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ നദീന്‍ ഡി ക്ലെര്‍ക്ക്, പാകിസ്ഥാന്‍റെ സിദ്ര നവാസ്, ഓസ്ട്രേലിയയുടെ അലാന കിംഗ്, ഇംഗ്ലണ്ടിന്‍റെ സോഫി എക്ലെസ്റ്റോണ്‍ എന്നിവരാണ് ഐസിസി ടീമിലെത്തിയ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിന്‍റെ നാറ്റ് സ്കൈവര്‍ ബ്രണ്ട് ആണ് ടീമിലെ പന്ത്രണ്ടാമത്തെ താരം.

സ്മൃതി മന്ദാന (ഇന്ത്യ), ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക) (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ് (ഇന്ത്യ), മാരിസാനെ കാപ്പ് (ദക്ഷിണാഫ്രിക്ക), ആഷ്‌ലി ഗാർഡ്‌നർ (ഓസ്ട്രേലിയ), ദീപ്തി ശർമ്മ (ഇന്ത്യ), അനാബെൽ സതർലാൻഡ് (ഓസ്ട്രേലിയ), നദീൻ ഡി ക്ലെർക്ക് (ദക്ഷിണാഫ്രിക്ക), സിദ്ര നവാസ് (പാകിസ്ഥാൻ), അലാന കിംഗ് (ഓസ്ട്രേലിയ), സോഫി എക്ലെസ്റ്റോണ്‍(ഇംഗ്ലണ്ട്).

Leave a Reply

Your email address will not be published. Required fields are marked *