കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശം.തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു.

രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചുവെന്നും വേടന്‍ പറഞ്ഞു.

വ്യക്തിജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവ് ഉണ്ടെന്നും വേടന്‍ പറഞ്ഞു.വേടന് പോലും’ എന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു.

പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ‘

മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടന് ലഭിച്ചത്. ലൈംഗികപീഡനം കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാനപുരസ്‌കാരം നല്‍കുന്നത് ഉചിതമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *