തമിഴ് സിനിമാ ലോകത്തെ അതികായന്മാരായ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന പേരിൽ വിമർശനം നേരിട്ട് ലോകേഷ് കനകരാജ്. ട്വിറ്ററിൽ നിന്നുമാണ് തന്റെ മെന്റർ കൂടിയായ കമൽഹാസനെയും രജനിയെയും ലോകേഷ് അൺഫോളോ ചെയ്തതെന്നാണ് റിപ്പോർട്ട്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി–കമൽ പ്രോജക്റ്റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് ഈ വാർത്തയും പൊട്ടിപ്പുറപ്പെട്ടത്.തമിഴ് ഇൻഡസ്ട്രിയിലെ മെഗാ പ്രോജക്ട് ആയ രജനി–കമൽ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നായിരുന്നു സിനിമാ മേഖലയിലെ സംസാരം.
എന്നാൽ, അദ്ദേഹത്തിന്റെ ചിത്രം ‘കൂലി’ തിയറ്ററുകളിൽ മോശം പ്രകടനം കാഴ്ചവെച്ചതിന് ശേഷം സ്ഥിതിഗതികൾ മാറി. ‘കൂലി’ ബോക്സ് ഓഫിസിൽ വലിയ വിജയമാകാത്തതിനെ തുടർന്ന് അദ്ദേഹത്തെ ആ സ്വപ്ന പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്നും പകരം നെൽസണെ തീരുമാനിച്ചുവെന്നും സിനിമാ രംഗത്തെ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
ഒരു ഹിറ്റ് സംവിധായകനെന്ന നിലയിൽ പ്രശംസിക്കപ്പെടുന്ന ലോകേഷ് കനകരാജ്, കൈതി, മാസ്റ്റർ, വിക്രം, ലിയോ എന്നിവയുൾപ്പെടെ തമിഴ് സിനിമയിലെ നിരവധി വൻ വിജയങ്ങൾ നൽകിയതിന് അംഗീകാരം നേടിയിട്ടുണ്ട്.
എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന പേരില്‍ സൃഷ്ടിച്ച യൂണിവേഴ്സിൽ നിന്നും പുറത്തുവന്ന സിനിമകളെല്ലാം വലിയ വിജയമായിരുന്നു.
എന്നാൽ ‘കൂലി’യിലെ ലോകേഷിന്റെ മേക്കിങിനെക്കുറിച്ച് വലിയ രീതിയിൽ വിമർശനം ഉയർന്നു. 50 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന തുറന്നുപറച്ചിലും ചർച്ചയായി. ‘കൈതി 2’ സിനിമയ്ക്കായി അമിത പ്രതിഫലം ചോദിച്ചെന്ന പേരിൽ നിര്‍മാതാവുമായി തർക്കം ഉടലെടുത്തിരുന്നുവെന്നു ലോകേഷിനെതിരെ വാർത്തകൾ വന്നിരുന്നു.
