നവംബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
നാഗാർജുനയും അമലയും ഒന്നിച്ചെത്തിയ ‘ശിവ’ ഒരു കൾട്ട് ക്ലാസിക് ചിത്രമാണ്. രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ ഈ സിനിമ, ക്യാമ്പസ് പശ്ചാത്തലവും അതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും കാരണം തെലുങ്ക് സിനിമയിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചു.
36 വർഷങ്ങൾക്കിപ്പുറം, ശിവ ഏറ്റവും മികച്ച ദൃശ്യ-ശ്രവ്യ അനുഭവമായ 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ യഥാർത്ഥ മാജിക് പുതിയ തലമുറയ്ക്കും അനുഭവിക്കാനായി, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റീമാസ്റ്റർ ചെയ്താണ് ‘ശിവ’യുടെ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
ശിവ റീ- റിലീസിന്റെ പ്രചരണാർത്ഥം ബിഗ് ബോസ് വേദിയിൽ ഒന്നിച്ചെത്തിയ നാഗാർജുനയുടെയും അമലയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തെന്നിന്ത്യൻ താരം നാഗാർജുനയുടെ ഭാര്യ മാത്രമല്ല മലയാളികളെ സംബന്ധിച്ച് അമല. ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ മായാ വിനോദിനി എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി അമല അക്കിനേനിയെ മലയാളികൾക്ക് എന്നെന്നും ഓർക്കാൻ.
കുസൃതിക്കാരിയായ പെൺകുട്ടിയായി മലയാളക്കരയുടെ മുഴുവൻ ഇഷ്ടം കവർന്ന കഥാപാത്രങ്ങളിലൊന്നാണ് അമലയുടെ മായാ വിനോദിനി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, കെയർ ഓഫ് സൈറ ബാനു എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അമല.
നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അമല അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. 1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്.
അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്.വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിന്ന അമല, രണ്ടാംവരവിൽ മലയാളത്തിൽ കെയർ ഓഫ് സൈറ ബാനു, ഹിന്ദിയിൽ കർവാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, ഒപ്പം ഏതാനും തെലുങ്ക്, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു.
