ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത” ടീം ചിത്രത്തിന്റെ ദൈർഘ്യം കുറച്ചത്.

12 മിനിറ്റോളമാണ് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുന്നത് എന്നും രണ്ടാം പകുതിയിൽ ആണ് കട്ട് വന്നിരിക്കുന്നത് എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.ഇപ്പോൾ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം പ്രമുഖ കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്കു പ്രവേശിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്.

ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്.രണ്ടാം വാരവും ലോകമെമ്പാടുമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ മികച്ച പ്രതികരണം സ്വന്തമാക്കി ചിത്രം തുടരുന്നുണ്ട്.

അതിനിടയിലാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്ന രീതിയിൽ ചിത്രത്തിന്റെ ദൈർഘ്യവും കുറച്ചിരിക്കുന്നത്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച നിരൂപക പ്രശംസയും നേടിയാണ് പ്രദർശിപ്പിക്കുന്നത്.

ഇപ്പോൾ ദൈർഘ്യവും കുറച്ചതോടെ, ചിത്രം കൂടുതൽ ഒഴുക്കിലും വേഗതയിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. കേരളം, തമിഴ്നാട്, ആന്ധ്ര,തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും, വിദേശ മാർക്കറ്റുകളിലും സ്ഥിരതയാർന്ന ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്.

ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പ്രേക്ഷകരുടെ മുന്നിലെത്തിച്ച ചിത്രം കൂടിയാണ് ‘കാന്ത’.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *