സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രോട്ടിയാസിനെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ നായകന് ശുഭ്മന്‍ ഗില്‍ ഏകദിനത്തിലും കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയില്‍ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രോട്ടിയാസിനെതിരെ ഇറങ്ങില്ല. അതാണ് രണ്ട് വര്‍ഷത്തിന് ശേഷം രാഹുലിന്റെ ക്യാപ്റ്റന്‍സി തിരിച്ച് വരവിന് വഴിയൊരുക്കുന്നത്.
ഡിസംബര്‍ 2023ലാണ് രാഹുല്‍ അവസാനമായി ഇന്ത്യന്‍ ടീമിനെ നയിച്ചത്.ഏകദിന ടീമിന്റെ ക്യാപ്റ്റനായി റിഷബ് പന്തിനെയും പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ പരിചയക്കുറവ് രാഹുലിന് കൂടുതല്‍ സാധ്യത നല്‍കുന്നുവെന്നാണ് വിവരം
അതേസമയം, ഗില്ലിന്റെ പരിക്ക് പ്രതീക്ഷിച്ചതിലേറെ ഗുരുതരമാണെന്നും താരത്തിന് കൂടുതല്‍ വിശ്രമം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. താരത്തിന് കഴുത്തിന് ചെറിയ പരിക്ക് മാത്രമല്ലയുള്ളതെന്നും പേശിയും നാഡിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുണ്ടെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ബി.സി.സി.ഐ ഇന്ന് (നവംബര്‍ 23) മുംബൈയില്‍ യോഗം ചേരും. ഈ യോഗത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നവംബർ 30 മുതലാണ് സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഏകദിന പരമ്പരക്ക് തുടക്കമാവുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
