മുംബൈ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഇന്ന് മുംബൈയില്‍ പുറത്തുവിടും. മുന്‍ ലോകകപ്പിലേതുപോലെ ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാവും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ഏഷ്യാ കപ്പില്‍ ഫൈനലില്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ മൂന്നിലും ഇന്ത്യ ജയിച്ചു കയറി.എന്നാല്‍ ഏഷ്യാ കപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് ഇതുവരെ കിരീടം സമ്മാനിക്കാന്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ തയാറായിട്ടില്ല. ഏഷ്യാ കപ്പിനിടെ പാക് താരങ്ങളുമായി ഹസ്തദാനം നടത്താന്‍ ഇന്ത്യൻ താരങ്ങള്‍ വിസമ്മതിച്ചതിന്‍റെ കൂടി പശ്ചാത്തല്ത്തിലാണ് ഏകദിന ലോകകപ്പില്‍ ഇരു ടീമും വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.

ഇന്ത്യക്കും പാകിസ്ഥാനും പുറമെ അമേരിക്കയും നെതര്‍ലന്‍ഡ്സും നമീബിയയും ആയിരിക്കും ഇന്ത്യയുടെ ഗ്രൂപ്പിലെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് തുടങ്ങുന്ന ഫെബ്രുവരി ഏഴിന് മുംബൈയില്‍ അമേരിക്കക്ക് എതിരെയായിരിക്കും ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം.ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയെയും 15ന് പാകിസ്ഥാനെയും നേരിടുന്ന ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്സിനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം മൂന്ന് മത്സരങ്ങളുണ്ടായിരിക്കും. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ്. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്‍റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്‍ഡിയിലുമായിരിക്കും നടക്കുക. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടായിരിക്കും ടൂര്‍ണമെന്‍റ്.

ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ 8ലേക്ക് മുന്നിലേറും.രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകള്‍ സെമിയിലെത്തുന്ന രീതിയിലാണ് മത്സരക്രമം. ഇന്ത്യ സൂപ്പര്‍ 8 എല്‍ എത്തിയാല്‍ ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലായിരിക്കും സൂപ്പര്‍ 8 മത്സരങ്ങള്‍. സെമിയിലെത്തിയാല്‍ മുംബൈയിലായിരിക്കും സെമി കളിക്കുക.

പാകിസ്ഥാനോ ശ്രീലങ്കയോ യോഗ്യത നേടുന്നതിന് അനുസരിച്ച് കൊളംബോയ കൊല്‍ക്കത്തയോ രണ്ടാം സെമിയുടെ വേദിയിയായി ഐസിസി തെരഞ്ഞെടുക്കും.

ആതിഥേയരായ ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, ഇറ്റലി, നെതർലാൻഡ്‌സ്, നമീബിയ, സിംബാബ്‌വെ, നേപ്പാൾ, ഒമാൻ, യുഎഇ ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *