ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 549 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ദക്ഷിണാഫ്രിക്ക. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. സ്റ്റബ്സിനെ ജഡേജ ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു.
സ്റ്റബ്സിന് പുറമെ ഓപ്പണര്‍മാരായ റയാൻ റിക്കിള്‍ടൺ, എയ്ഡന്‍ മാര്‍ക്രം, ക്യാപ്റ്റൻ ടെംബാ ബാവുമ, ടോണി ഡി സോര്‍സി എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നാലാം ദിനം നഷ്ടമായത്.
ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനായെങ്കിലും രണ്ടാം സെഷനില്‍ ടോണി ഡി സോര്‍സിയുടെ വിക്കറ്റ് മാത്രമായിരുന്നു ഇന്ത്യക്ക് വീഴ്ത്താനായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു.
