പട്ന: രണ്ട് പതിറ്റാണ്ടായി ലാലു പ്രസാദ് യാദവ് കുടുംബം കൈവശം വെച്ചിരുന്ന 10 സർക്കുലർ റോഡ് ബംഗ്ലാവ് തിരികെയെടുക്കാൻ നീക്കം തുടങ്ങി ബിഹാർ സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് ബിഹാർ സാക്ഷിയാവുന്നത്.
ലാലു കുടുംബത്തിൻ്റെ രാഷ്ട്രീയ സിരാകേന്ദ്രമായി പ്രവർത്തിച്ച ബംഗ്ലാവ് അവരുടെ കൈകളിൽ നിന്ന് വഴുതിപ്പോകുമെന്ന് ഉറപ്പായിരിക്കുകയാണ്.പതിനഞ്ച് വർഷത്തോളം ബിഹാർ ഭരണത്തിലിരുന്ന ലാലു കുടുംബം 2005-ൽ പ്രതിപക്ഷത്തായതോടെ മുൻ മുഖ്യമന്ത്രി റാബ്റി ദേവി ഔദ്യോഗിക വസതി ഒഴിഞ്ഞു.
നിതീഷ് കുമാർ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും 1 അനേ മാർഗിലേക്ക് മാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയോട് ചേർന്നുള്ള 10 സർക്കുലർ റോഡ് ബംഗ്ലാവ് റാബ്റി ദേവിക്ക് അനുവദിച്ചു. ഈ വസതി കഴിഞ്ഞ ഇരുപത് വർഷത്തോളം ലാലു കുടുംബത്തിന്റെ രാഷ്ട്രീയ കേന്ദ്രമായി പ്രവർത്തിച്ചു.
റാബ്റി ദേവിക്ക് ഇപ്പോൾ മറ്റൊരു വസതി അനുവദിച്ചിട്ടുണ്ട്. 39 ഹാർഡിങ് റോഡിലെ വസതിയാണ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കെട്ടിട നിർമ്മാണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ 10 സർക്കുലർ റോഡിലെ വസതി ഒഴിയാൻ ലാലു കുടുംബം നിർബന്ധിതമായിരിക്കുകയാണ്.
2015-ൽ മഹാസഖ്യം അധികാരത്തിലെത്തിയപ്പോൾ തേജസ്വി യാദവായിരുന്നു ഉപമുഖ്യമന്ത്രി. 5 ദേശരത്ന മാർഗ് വസതിയായിരുന്നു അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. ആ സമയത്ത് ഈ വസതി ആഢംബര നവീകരണം നടത്തിയത് വിവാദമായിരുന്നു.
ഉപമുഖ്യമന്ത്രിയും കെട്ടിട നിർമ്മാണ മന്ത്രിയുമായിരുന്ന തേജസ്വിയുടെ വകുപ്പ് 5 ദേശരത്ന മാർഗിനെ ഉപമുഖ്യമന്ത്രിയുടെ സ്ഥിരം വസതിയായി നിശ്ചയിക്കുകയും ചെയ്തു.
2017-ൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുകയും നിതീഷ് കുമാർ ബിജെപിയുമായി ചേർന്ന് സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തുകയും ചെയ്തു. സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി. ഇതോടെ 5 ദേശരത്ന മാർഗ് ബംഗ്ലാവ് ഒഴിയാൻ തേജസ്വിയോട് എൻഡിഎ സർക്കാർ ഉത്തരവിട്ടു.
