ല്കനൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒഡീഷക്കെതിരെ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം. ലക്‌നൗവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 12), രോഹന്‍ കുന്നുമ്മല്‍ (25 പന്തില്‍ 52) എന്നിവരാണ് ക്രീസില്‍. രോഹന്‍ ഇതുവരെ നാല് സിക്‌സും ആറ് ഫോറും നേടി. സഞ്ജു സൂക്ഷ്മതയോടെയാണ് കളിക്കുന്നത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഒഡീഷയ്ക്ക് വേണ്ടി 53 റണ്‍സെടുത്ത ബിപ്ലബ് സാമന്ത്രെ ടോപ് സ്‌കോററായി.

സംബിത് ബറാല്‍ 40 റണ്‍സെടുത്തു. ഏഴ് വിക്കറ്റുകള്‍ ഒഡീഷയ്ക്ക് നഷ്ടമായി. നിധീഷ് എം ഡി കേരളത്തിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.ഭേദപ്പെട്ട തുടക്കമായിരുന്നു ഒഡീഷയ്ക്ക്.

ഒന്നാം വിക്കറ്റില്‍ 48 റണ്‍സാണ് ഓപ്പണര്‍മാര്‍ ചേര്‍ത്തത്. സ്വാസ്ഥിക് സമല്‍ (20) – ഗൗരവ് ചൗധരി (29) എന്നിവരാണ് ഒഡീഷയ്ക്ക് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം നല്‍കിയത്. സ്വാസ്ഥികിനെ പുറത്താക്കി നിധീഷാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ ഗൗരവിനേയും നിധീഷ് മടക്കി. മൂന്നാമനായി ക്രീസിലെത്തിയ സുബ്രാന്‍ഷു സേനാപതി (15) നിരാശപ്പെടുത്തിയതോടെ മൂന്നിന് 75 എന്ന നിലയിലായി ഒഡീഷ. തുടര്‍ന്ന് ബിപ്ലബ് – സമ്പിത് സഖ്യം 79 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയായിരുന്നു ഒഡീഷ ഇന്നിംഗ്‌സിന്റെ നട്ടെല്ല്.17-ാം ഓവറില്‍ മാത്രമാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ കേരളത്തിന് സാധിച്ചത്.

സമ്പിത്തിനെ നീധീഷ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ പ്രയാഷ് കുമാറും (1) പുറത്തായി. ആസിഫിനായിരുന്നു വിക്കറ്റ്. 19-ാം ഓവറില്‍ സൗരവ് ഗൗഡയെ (0) മടക്കി നിതീഷ് വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. അവസാന ഓവറില്‍ ബിപ്ലബിനെ കൂടി തിരിച്ചയച്ച് കെ എം ആസിഫ് ഒഡീഷയെ 176ല്‍ ഒതുക്കി.

ആസിഫിന് രണ്ട് വിക്കറ്റുണ്ട്. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണ്‍ മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. 33 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇരു ടീമിന്റേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, അങ്കിത് ശര്‍മ, അഖില്‍ സ്‌കറിയ, കെ എം ആസിഫ്, എം ഡി നിധീഷ്.

ഒഡീഷ: ബിപ്ലബ് സാമന്ത്രെ (ക്യാപ്റ്റന്‍), സ്വസ്തിക് സമല്‍, ഗൗരവ് ചൗധരി, സുബ്രാന്‍ഷു സേനാപതി, പ്രയാഷ് സിംഗ്, സൗരവ് കെ ഗൗഡ (ക്യാപ്റ്റന്‍), രാജേഷ് മൊഹന്തി, സംബിത് ബറാല്‍, ബാദല്‍ ബിസ്വാള്‍, പപ്പു റോയ്, വഗീഷ് ശര്‍മ.

Leave a Reply

Your email address will not be published. Required fields are marked *