വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അക്രമി വലിയ വില നല്‍കേണ്ടിവരുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.

പ്രസിഡന്റ് എന്ന നിലയില്‍ താനും പ്രസിഡന്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും പരിക്കേറ്റ നാഷണല്‍ ഗാര്‍ഡുകള്‍ക്കൊപ്പമാണെന്നും ട്രംപ് പറഞ്ഞു.അതേസമയം ആക്രമണത്തിന് പിന്നാലെ നഗരത്തില്‍ 500 ദേശീയ ഗാര്‍ഡുകളെ കൂടി വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ അക്രമിയെ ‘മൃഗം’ എന്നാണ് ട്രംപ് വിഷേഷിപ്പിച്ചത്. ”നാഷണല്‍ ഗാര്‍ഡുകളെ വെടിവച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും,’ എന്നാണ് ട്രംപിന്റെ പോസ്റ്റ്.

അതേസമയം വെടിവയ്പില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ദുഃഖം രേഖപ്പെടുത്തി. നാഷണല്‍ ഗാര്‍ഡിന് പരിക്കേറ്റത് ഹൃദയ വേദന ഉണ്ടാക്കുന്നതാണെന്ന് വാന്‍സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സൈനികരാണ് അവരെന്നും വാന്‍സ് പറഞ്ഞു.അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വെടിവയ്പ്പിനോട് പ്രതികരിച്ചുകൊണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഒബാമ.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. വൈറ്റ് ഹൗസിന് സമീപം എത്തിയ തോക്കുധാരിയായ അക്രമി രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. എന്നാല്‍ അക്രമിയുടെ പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരില്‍ ഒരു ഗാര്‍ഡ് ആണ് തിരിച്ച് ആക്രമകാരിയെ വെടിവച്ചത്. അതേസമയം ഗാര്‍ഡുകള്‍ മരിച്ചെന്നായിരുന്നു വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണര്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്ന് തിരുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *