ലഖ്‌നൗ: ജനനസർട്ടിഫിക്കാറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ ആധാർകാർഡുകൾ ഇനി സ്വീകരിക്കില്ലെന്ന് ഉത്തർ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകൾക്കും കൈമാറി. ആധാർ കാർഡ് ജനന സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാൻ പാടില്ലെന്ന് വ്യക്തമാക്കി ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി അമിത് സിംഗ് ബൻസാൽ ആണ് ഔദ്യോഗികമായി നിർദേശം നൽകിയത്.

ഉത്തരവ് ഉടൻ നടപ്പിലാക്കമെന്ന് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.ആധാർകാർഡും ജനനസർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ജനന സർട്ടിഫിക്കറ്റായി കണക്കാക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

യുപിക്ക് പുറമെ മഹാരാഷ്ട്രയും സമാനമായ തീരുമാനമെടുത്തിട്ടുണ്ട്. ആധാർ കാർഡ് തെളിവുകളുടെയോ മറ്റ് സർട്ടിഫിക്കറ്റുകളുടെയോ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന വ്യാജ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഉടൻ റദ്ദാക്കാൻ മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ നിർദേശം നൽകിയിട്ടുണ്ട്.

ജനന സർട്ടിഫിക്കറ്റ് അപേക്ഷകളിൽ നൽകിയിരിക്കുന്ന വിവരങ്ങളും ആധാർ കാർഡിലെ വിവരങ്ങളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് മഹാരാഷ്ട്ര റവന്യൂ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം,കഴിഞ്ഞദിവസം ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തതായി യുഐഡിഎഐ അറിയിച്ചിരുന്നു.

മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനും ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് യുഐഡിഎഐയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *