ഇന്ത്യൻ ടീമിലെ സഹതാരവും സുഹൃത്തുമായ സ്മൃതി മന്ദാനയുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടി. പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതിക്ക് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറാന്‍ ജെമീമ റോഡ്രിഗസ് തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സുനിൽ ഷെട്ടി വനിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സ്മൃതിയുടെ കൂടെ നില്‍ക്കാന്‍ വേണ്ടി ജെമീമ ഡബ്ല്യുബിബിഎല്ലിൽനിന്ന് വിട്ടുനിൽക്കുന്നു. വലിയ പ്രസ്താവനകളില്ല, നിശബ്ദമായ ഐക്യദാര്‍ഢ്യം മാത്രം. ഇതാണ് യഥാര്‍ഥ സഹതാരങ്ങള്‍ ചെയ്യേണ്ടത്.
ലളിതം, നേരായത്. ആത്മാർഥമായത്’, സുനില്‍ ഷെട്ടി കുറിച്ചു.നവംബർ ഒമ്പതിന് ആരംഭിച്ച ഡബ്ല്യൂബിബിഎൽ സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റിന്റെ പ്രധാന താരമാണ് ജമീമ.
സ്മൃതി മന്ദാനയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച ബിഗ് ബാഷ് ലീഗിൽ നിന്നും അവധിയെടുത്ത് മുംബൈയിൽ പറന്നെത്തിയതായിരുന്നു ജെമീമ. വിവാഹ ദിനത്തിൽ കാര്യങ്ങൾ അടിമുടി മാറിമറിഞ്ഞതോടെ ആസ്ട്രേലിയയിലേക്കുള്ള മടക്കം നീട്ടിവെക്കുകയായിരുന്നു. ജെമീമ മുംബൈയില്‍ തുടരുകയാണെന്നും ലീഗില്‍ കളിക്കാന്‍ തിരിച്ചുപോകുന്നില്ലെന്നും ജെമീമ അറിയിച്ചിരുന്നു.
