സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയിരിക്കുകയാണ് മുംബൈയുടെ കൗമാരതാരം ആയുഷ് മാത്രെ. വിദർഭയ്ക്കെതിരായ മത്സരത്തിൽ 53 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് ആയുഷ് അടിച്ചെടുത്തത്.
എട്ട് ഫോറും എട്ട് സിക്‌സുമാണ് മാത്രെയുടെ ബാറ്റിൽ നിന്ന് പിറന്നത്. വിദര്‍ഭയ്ക്കെതിരായ മത്സരത്തിൽ അപരാജിത സെഞ്ച്വറി നേടി മുംബൈയെ വിജയത്തിലേക്ക് നയിക്കാനും ആയുഷിന് സാധിച്ചു.ലഖ്നൗവിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡ് തകർക്കാനും മാത്രെയ്ക്ക് സാധിച്ചു.
ട്വന്‍റി20, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ ക്രിക്കറ്റ് എന്നിവയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിലാണ് ആയുഷ് രോഹിത്തിനെ മറികടന്നത്. 18 വർഷവും 135 ദിവസവുമാണ് താരത്തിന്‍റെ പ്രായം. 19 വർഷവും 339 ദിവസവും പ്രായമുള്ളപ്പോൾ രോഹിത് നേടിയ റെക്കോർഡാണ് 19 വർഷത്തിന് ശേഷം ആയുഷ് തിരുത്തിയത്.
ആയുഷിന്റെ സെഞ്ച്വറിക്കരുത്തിൽ വിദര്‍ഭയെ ഏഴ് വിക്കറ്റിന് മുംബൈ പരാജയപ്പെടുത്തുകയും ചെയ്തു. ആയുഷിന്റെ നിർണായക സെഞ്ച്വറിക്ക് പുറമേ സൂര്യകുമാര്‍ യാദവ് (35) ശിവം ദുബെ (39) എന്നിവരും മികച്ച സംഭാവന നൽകി.
അജിങ്ക്യ രഹാനെ റണ്‍സെടുക്കാതെ പുറത്തായി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഥര്‍വ തൈഡെയും (64) അമന്‍ മൊഖാഡെയും (61) ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
115 റണ്‍സ് കൂട്ടിച്ചേർത്തതിന് പിന്നാലെ ഇരുവരും പുറത്തായി. ഇതിന് പിന്നാലെ വന്ന ബാറ്റർമാർക്ക് തിളങ്ങാൻ സാധിക്കാതെ വന്നതോടെ വിദർഭ തകർന്നു. യാഷ് റാത്തോഡ് (23), ഹര്‍ഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിവം ദുബെ, സായ്‌രാജ് പാട്ടീല്‍ എന്നിവര്‍ മുംബൈയ്ക്ക് വേണ്ടിമൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
