ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നതിന് പിന്നാലെ ശനിയാഴ്ച തമിഴ്‌നാടിൻ്റെ ചില തീരദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങൾ എന്നിവിടങ്ങളിലായി കരതൊടുമെന്നാണ് മുന്നറിയിപ്പുള്ളത്.

ചുഴറ്റിക്കാറ്റിൻ്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും പുതുച്ചേരി, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

നിലവിൽ ശ്രീലങ്കൻ തീരത്തിന് സമീപത്തായി തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമാണ് ഡിറ്റ് വാ ചുഴലിക്കാറ്റുള്ളത്. ഇത് തെക്ക്-പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം.29ന് രാവിലെയോടെ ശ്രീലങ്കയിൽ നിന്ന് പുറപ്പെട്ട് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പിന്നീട് നേരിയതോതിൽ തീവ്രത വർധിക്കാം,” ഐഎംഡി മേധാവി ഡോ. മൃത്യുഞ്ജയ് മൊഹാപത്ര എഎൻഐയോട് പറഞ്ഞു.

അതേസമയം, ശനിയാഴ്ച തമിഴ്‌നാടിൻ്റെ വടക്കൻ തീരദേശത്തും പുതുച്ചേരിയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കടലൂർ, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപ്പേട്ട്, പുതുച്ചേരി എന്നീ തീരപ്രദേശങ്ങളിൽ പ്രാദേശികമായി കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ വടക്കൻ തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 70-80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ഈ മഴ പ്രാദേശികമായി വെള്ളപ്പൊക്കത്തിനും കാരണമാകുമെന്ന് ഐഎംഡി മേധാവി പറഞ്ഞു. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ മലയോര മേഖലകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളും ഉണ്ടാകാം. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ശക്തമായ കാറ്റ് മരങ്ങൾ കടപുഴകി വീഴാനും, ഹോർഡിംഗുകൾ മറിഞ്ഞുവീഴുന്നതിനും, ഓല മേഞ്ഞതോ മണ്ണ് മേഞ്ഞതോ ആയ വീടുകളെ ബാധിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *