ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ തയ്യാറായി സൂപ്പർതാരം വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റിൽ തുടരാൻ ആഗ്രഹിക്കുന്നതിനാൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ കോഹ്‍ലി ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ട്.
2027 ഏകദിന ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് നിലനിർത്തണമെന്ന് മുതിർന്ന താരങ്ങളായ വിരാട് കോഹ്‍ലിക്കും രോഹിത് ശർമയ്ക്കും ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
രോഹിത് ശർമ നേരത്തെ തന്നെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്ന് ബിസിസിഐയെ അറിയിച്ചിരുന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചാൽ, കോഹ്‌ലിയോ രോഹിത്തോ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ അജിത് അഗാർക്കർ ഇതിനോടകം സൂചന നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം കോഹ്‌ലി ലണ്ടനിലേക്ക് മടങ്ങും. പിന്നീട് തിരികെയെത്തി ഡൽഹി ടീമിനൊപ്പം കുറച്ച് മത്സരങ്ങളിൽ കളിക്കാനാണ് സാധ്യത.ഡിസംബർ 24 മുതലാണ് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പരമ്പര കഴിഞ്ഞാൽ ഇന്ത്യൻ ടീമിന് ഇനി ജനുവരിയിലാണ് ഏകദിന പരമ്പര നടക്കാനുള്ളത്. ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ജനുവരി 11നാണ് ആരംഭിക്കുക. ഇതിന് മുമ്പാകും കോഹ്‍ലി, രോഹിത് എന്നിവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുക.
