ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം സെലക്ഷന് വരുമ്പോഴെല്ലാം ചര്‍ച്ചപെടുന്ന ചെയ്യുന്ന പേരാണ് സഞ്ജു സാംസണിന്റേത്. ഇത്തവണയും അതിന് മാറ്റമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സഞ്ജുവിന്റെ പേരില്ല. എന്തുകൊണ്ട് തഴയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് പ്രത്യേകിച്ച് ഉത്തരമൊന്നും സെലക്റ്റര്‍മാരുടെ ഭാഗത്ത് നിന്നില്ല.
പരിക്കേറ്റ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അപ്പോഴെങ്കിലും സഞ്ജുവിനെ തിരിച്ചുവിളിക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. അതുണ്ടായില്ല, പകരമെത്തിയത് ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുള്ള റിഷഭ് പന്ത്.
അദ്ദേഹത്തിന് ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറല്‍.ശ്രേയസ് താല്‍കാലത്തേക്കെങ്കിലും ഒഴിച്ചിട്ട നാലാം സ്ഥാനത്തേക്ക് എന്തുകൊണ്ട് സഞ്ജുവിനെ കൊണ്ടുവന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ആ സ്ഥാനമാണ് പന്തിന് ലഭിക്കാന്‍ പോകുന്നത്. കണക്കുകളുടെ അടിസ്ഥാനത്തിള്‍ ശരിക്കും സഞ്ജുവിനേക്കാള്‍ കേമനാണോ പന്ത്? കണക്കുകള്‍ പരിശോധിക്കാം. ഏകദിനത്തില്‍ പന്ത് കളിച്ചത്ര മത്സരങ്ങള്‍ സഞ്ജു കളിച്ചിട്ടില്ല.
അതിനുള്ള അവസരം നല്കിയില്ലെന്നുള്ളതാണ് വാസ്തവം. 31 ഏകദിനങ്ങള്‍ കളിച്ച പന്ത് 27 ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്തു. 33.50 ശരാശരിയിലും 106.22 സ്ട്രൈക്ക് റേറ്റിലും 871 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറികളും പന്തിന്റെ ഏകദിന കരിയറിലുണ്ട്. ഉയര്‍ന്ന സ്കോര്‍ പുറത്താവാതെ നേടിയ 125 റണ്‍സ്.
