ഇനി വരാനിരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച് മനസുതുറന്ന് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ. സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം നന്നായി തന്നെ വന്നിട്ടുണ്ടെന്നും ‘അല വൈകുണ്ഠപുരമുലൂ’ പോലെയുള്ള ഒരു സിനിമയാകും അത് എന്നും അദ്ദേഹം പറഞ്ഞു. ദുൽഖർ ചിത്രം ‘ആകാശംലോ ഒക താര’യെക്കുറിച്ചും ജി വി പ്രകാശ് മനസുതുറന്നു. അടുത്ത വർഷത്തെ എല്ലാ നാഷണൽ അവാർഡും ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം ഒരു ഫാമിലി എന്റർടൈനർ ആണ്. ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുൻ ചിത്രം ‘അല വൈകുണ്ഠപുരമുലൂ’ (അങ്ങ് വൈകുണ്ഠപുരത്ത്) പോലെയുള്ള ഒരു സിനിമയാകും അത്. ദുൽഖറിനൊപ്പം ‘ആകാശംലോ ഒക താര’ എന്ന സിനിമയും ഞാൻ ചെയ്യുന്നുണ്ട്. അടുത്ത വർഷത്തെ എല്ലാ നാഷണൽ അവാർഡും നേടാൻ പോകുന്ന സിനിമയാകും
‘ആകാശംലോ ഒക താര’, ജിവി പ്രകാശിന്റെ വാക്കുകൾ.
ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് ‘ആകാശംലോ ഒക താര’. ഒരു ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. ‘ടാക്സിവാല’, ‘ഡിയർ കോംമ്രേഡ്’ എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക.
ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ചിത്രം ദുൽഖറിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ഇൻഡസ്ട്രിയിൽ സംസാരം.
