തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുളളില്‍ കോടതിയിലേക്ക് കൊണ്ടുപോകും. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു.
പൊലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്ടോപ് ചോദിച്ചപ്പോൾ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്.രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്കിയ യുവതിയുടെ വ്യക്തിവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
തനിക്കെതിരായ പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി.
പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.
‘ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
