പ്രോട്ടിയാസിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയിരുന്നു വിജയിച്ചിരുന്നു. മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് കുല്‍ദീപ് യാദവ് കാഴ്ചവെച്ചത്. 68 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. 6.80 എന്ന എക്കോണമിയിലാണ് താരം ബൗളെറിഞ്ഞത്. ഇതിന് പുറമെ ഒരു റെക്കോഡ് സ്വന്തമാക്കാനും ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപിന് സാധിച്ചിരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ഫര്‍ നേടിയ ഇന്ത്യന്‍ താരമാകാനാണ് കുല്‍ദീപിന് സാധിച്ചത്. ഈ നേട്ടത്തില്‍ യുസ്‌വേന്ദ്ര ചഹലിനെ മറികടന്നാണ് കുല്‍ദീപ് മിന്നും നേട്ടത്തിലെത്തിയത്.
ഇതിഹാസ താരം അനില്‍ കുംബ്ലെ പോലും 39 ഇന്നിങ്‌സില്‍ നിന്ന് വെറും രണ്ട് ഫോര്‍ഫര്‍ മാത്രമാണ് നേടിയത്.യുസ്‌വേന്ദ്ര ചഹല്‍ – 3 (10)
അര്‍ഷ്ദീപ് സിങ് – 2 (4)
സുനില്‍ ജോഷി – 2 (13)
അനില്‍ കുംബ്ലെ – 2 (39)അതേസമയം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം മികച്ച സ്‌കോറിലെത്തിയതും വിജയം സ്വന്തമാക്കിയതും. മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ വിരാടിന്റെ 52ാം സെഞ്ച്വറിയാണിത്.
മത്സരത്തില്‍ കോഹ്‌ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്.
രോഹിത് 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
