ന്യൂഡൽഹി∙ കഴുത്തിനേറ്റ പരുക്കു ഭേദമായതിനു പിന്നാലെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് തിരിച്ചു. ഇവിടെ നടക്കുന്ന പരിശോധനകൾക്കു ശേഷം, പരുക്കു പൂർണമായി ഭേദമായെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഗില്ലിന് കളിക്കാൻ സാധിക്കൂ.
9ന് ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗില്ലിന്റെ ഫിറ്റ്നസ് സംബന്ധിച്ച ആശയക്കുഴപ്പമാണ് സ്ക്വാഡ് പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു പിന്നിൽ എന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ്ങിനിടെയായിരുന്നു ഗില്ലിന് കഴുത്തിനു പരുക്കേറ്റത്.
തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാം ടെസ്റ്റിൽനിന്നു വിട്ടുനിന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഗിൽ കളിക്കുന്നില്ല. താരത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പിന്നാലെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കും. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്നത്.
ശുഭ്മൻ ഗില്ലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ സഞ്ജു സാംസണെയോ യശസ്വി ജയ്സ്വാളിനെയോ ഓപ്പണര്‍ സ്ഥാനത്തേക്കു പരിഗണിക്കുമെന്നാണു പുറത്തുവരുന്ന വിവരം.
മികച്ച ഫോമിലുള്ള അഭിഷേക് ശർമ ടീമിനൊപ്പം തുടരുമ്പോള്‍ ഒഴിവുവരുന്ന ഒരു സ്ഥാനത്തേക്കാണു യുവതാരങ്ങളുടെ പോരാട്ടം.
