തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യു ഡി എഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്ത്. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എം എൽ എ സ്ഥാനം രാജിവയ്പ്പിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങളാണ് വനിതാ നേതാക്കളിൽ പലരും പരസ്യമായി പ്രകടിപ്പിച്ചത്.
കെ കെ രമ എം എൽ എ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ എന്നിവർരാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി.
രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഷാനിമോൾ ഉസ്മാനും ദീപ്തി മേരി വർഗീസും സജന ബി സാജനും ആവശ്യപ്പെട്ടത്. ഒരു നിമിഷം പോലും രാഹുൽ പാർട്ടിയിൽ തുടരരുതെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു.
കുറ്റക്കാരൻ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. നേരത്തെ തന്നെ ഈ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റ് പാർട്ടിക്കാരെപോലെ ആരെയും കോൺഗ്രസ് സംരക്ഷിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു. രാഹുൽ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്.
രാഹുൽ എം എൽ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്നാണ് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിന് എതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് ജെബി മേത്തർ പറഞ്ഞത്.
രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ് സ്വീകരിചത് സ്ത്രീപക്ഷ നിലപാടാണെന്നും നേരത്തെ എടുത്ത നടപടി കൂട്ടായ തീരുമാനമാണെന്നും ആരുടെയും വ്യക്തിപരമായ തീരുമാനം അല്ലെന്നും അവർ വിവരിച്ചു. അടുത്ത നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസിലും വിമർശനം
ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും സജന അഭിപ്രായപ്പെട്ടു.
