റായ്പൂർ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും സെഞ്ചറി തികച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. 90 പന്തുകളിൽനിന്നാണ് കോലി സെഞ്ചറിയിലെത്തിയത്. ഏകദിന ഫോർമാറ്റിൽ താരത്തിന്റെ 53–ാം സെഞ്ചറിയാണിത്. രാജ്യാന്തര കരിയറിലെ 84–ാം സെഞ്ചറി നേട്ടം. റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചറി തികച്ചിരുന്നു.
120 പന്തുകൾ നേരിട്ട കോലി 135 റൺസാണു റാഞ്ചിയിൽ അടിച്ചെടുത്തത്.മത്സരം 38 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും (91 പന്തിൽ 101), ക്യാപ്റ്റൻ കെ.എൽ. രാഹുലുമാണ് (ഒൻപതു പന്തിൽ 14) ക്രീസിൽ. ഋതുരാജ് ഗെയ്ക്‌വാദും സെഞ്ചറി നേടി പുറത്തായി.
83 പന്തുകൾ നേരിട്ട താരം 105 റൺസാണ് അടിച്ചെടുത്തത്. രണ്ടു സിക്സുകളും 12 ഫോറുകളും ബൗണ്ടറി കടത്തിയ താരം 77 പന്തിൽ 100 കടന്നു. ഏകദിന കരിയറിൽ താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. മാർകോ യാൻസൻ എറിഞ്ഞ 36–ാം ഓവറിൽ ടോണി ഡെ സോർസി ക്യാച്ചെടുത്താണു ഋതുരാജിനെ പുറത്താക്കുന്നത്.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (22), രോഹിത് ശർമയുമാണ് (14) ഇന്ത്യൻ നിരയിൽ പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സ്കോർ 40 ൽ നിൽക്കെ പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് ജയ്സ്വാൾ മടങ്ങി.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിങ്ടൻ സുന്ദര്‍, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവൻ– എയ്ഡൻ മാര്‍ക്രം, ക്വിന്റൻ ഡികോക്ക് (വിക്കറ്റ് കീപ്പർ), ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്സ്കി, ടോണി ഡെ സോര്‍സി, ഡെവാൾഡ് ബ്രെവിസ്, മാര്‍കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി.
