മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. ടെസ്റ്റ് പരമ്പരക്കിടെ കഴുത്തിന് പരിക്കറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കായികക്ഷമത തെളിയിച്ചു. ഇതോടെ ഒമ്പതിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഗില്‍ കളിക്കുമെന്നുറപ്പായി. ഇന്നലെ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തിയാണ് ഗില്‍ കായികക്ഷമത പരിശോധന പൂര്‍ത്തിയാക്കിയത്.ഗില്‍ കായികക്ഷമത തെളിയിച്ചതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ വീണ്ടും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ഇതോടെ ഗില്ലിന്‍റെ അഭാവത്തില്‍ ഓപ്പണര്‍ റോളിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും മധ്യനിരയിലേക്ക് മാറും.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നടക്കുന്ന റായ്പൂരിലാണ് ടി20 ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുക എന്നാണ് സൂചന. ഇന്ന് തന്നെ ടി20 ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ടീമില്‍ തിരിച്ചെത്തും.
സ്പിന്‍ ഓള്‍ റൗണ്ടറായ റിയാന്‍ പരാഗിനെയും ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരാഗ് നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യൻ സാഹര്യങ്ങളില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി പരാഗിനെ ഉപയോഗിക്കാനാകുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍.
