സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. 28 പന്തിൽ ഒരു സിക്‌സറും എട്ട് ഫോറുകളും അടക്കം 46 റൺസായിരുന്നു മുംബൈക്കെതിരെ സഞ്ജുവിന്റെ ഇന്നിങ്‌സ്. സീസണിലെ അഞ്ചു മത്സരങ്ങളിൽ മൂന്നിലും മിന്നും പ്രകടനമാണ് സഞ്ജു നേടിയത്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 11 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്. സഞ്ജുവിന് പുറമെ രണ്ട് റൺസെടുത്ത രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് നഷ്ടമായത്.
20 റൺസുമായി വിഷ്ണു വിനോദും 19 റൺസുമായി മുഹമ്മദ് അസ്ഹറുദ്ധീനുമാണ് ക്രീസിൽ.
അതേ സമയം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു.
സൂര്യ കുമാർ ക്യാപ്റ്റനായുള്ള ടീമിൽ പരിക്കുമാറി എത്തിയ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലുണ്ട്. ജിതേഷ് ശർമയാണ് 15 അംഗ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ.
