തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി.
കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം നീണ്ട വാദം നടന്നിരുന്നു. കേസില്‍ ഇന്ന് നടന്ന തുടര്‍ വാദത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍അനുമതിചോദിച്ചത് പ്രകാരമാണ് കോടതി ഇന്നത്തേക്ക് സമയം അനുവദിച്ചത്.
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയുമുള്‍പ്പെടെ പ്രതിഭാഗം ഹാജരാക്കിയിരുന്നു. ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
ഹരജിയില്‍ വിധിയുണ്ടാകുംവരെ രാഹുലിനെ അറസ്റ്റുചെയ്യരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. രാഹുലിന് വേണ്ടി രണ്ട് അഭിഭാഷകരായിരുന്നു ഇന്ന് കോടതിയില്‍ ഹാജരായിരുന്നത്.
രാഹുലിനായി ബെംഗളൂരു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ആശ്യപ്പെട്ടിരുന്നത്. രണ്ടാമത്തെ കേസിലെ പരാതിക്കാരി ആരാണ് എന്ന് പോലും അറിയില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.
മുന്‍കൂര്‍ ജാമ്യപേക്ഷ തടയാന്‍ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ ഇന്നത്തെ 25 മിനിറ്റ് വാദത്തില്‍ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
പെണ്‍കുട്ടിയെ രാഹുല്‍ പീഡിപ്പിച്ചതിനും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചതിനും തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.അശാസ്ത്രീയ ഗര്‍ഭചിദ്രം മൂലം യുവതിയുടെ ജീവന്‍ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
രാഹുലിന് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുല്‍ നിലവില്‍ ഒളിവിലാണെന്നും അന്വേഷണവുമായി ഇതുവരെ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
