മുംബൈ: സമീപകാലത്ത് ടി20 ക്രിക്കറ്റിൽ തുടരുന്ന മോശം ഫോമിനെ കുറിച്ച് ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരുമെന്നാണ് സൂര്യയുടെ അലസമായ രീതിയിലുള്ള മറുപടി.
“തീർച്ചയായും ഞാനും റൺസിനായാണ് കാത്തിരിക്കുന്നത്. ഞാൻ ഫോം ഔട്ട് ഒന്നുമല്ല. എന്നാൽ റൺസ് കണ്ടെത്താനുമാകുന്നില്ല. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരും,” എന്നാണ് മൂന്നാം ടി20ക്ക് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വച്ച് സൂര്യകുമാർ പറഞ്ഞത്.
ഐസിസി എക്സിൽ പങ്കുവച്ച ഈ പ്രതികരണത്തിന് താഴെ നിരവധി പേരാണ് ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ചും അനുകൂലിച്ചും ഉപദേശിച്ചുമൊക്കെ രംഗത്തെത്തിയത്. ഇത്തരം സംസാരങ്ങൾ കുറയ്ക്കൂവെന്നും പകരം അടുത്ത തവണ ബാറ്റ് ചെയ്യുമ്പോൾ പന്ത് ടൈം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ വയ്ക്കൂവെന്നുമാണ് ഒരു ആരാധകൻ്റെ മറുപടി.
കഴിഞ്ഞ രണ്ട് വർഷമായി ഇതുതന്നെയാണ് സൂര്യ പറയുന്നതെന്നാണ് മറ്റൊരാളുടെ പരിഹാസം. എത്രയും വേഗം റൺസ് കണ്ടെത്തിയാൽ നിങ്ങൾക്ക് കൊള്ളാമെന്നാണ് സൂര്യയോടുള്ള മറ്റൊരാളുടെ പരിഹാസം.അതേസമയം, സഞ്ജു സാംസണെ പോലെ നന്നായി കളിക്കുന്ന ടി20 ബാറ്റർമാരെ കളിപ്പിക്കാതെ, മോശം ഫോമിലുള്ള താരങ്ങളെ തന്നെ കളിപ്പിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് ഒരാൾ വിമർശിച്ചു.
സൂര്യയുടെ ഈ പ്രസ്താവന നാണക്കേടാണെന്നും മോശം പ്രകടനത്തിൻ്റെ പേരിൽ മറ്റുള്ളവരെ പുറത്താക്കുന്ന ബിസിസിഐയും സെലക്ടർമാരും കാണിക്കുന്നത് പക്ഷപാതിത്വമാണ്.
സൂര്യയും ഗില്ലും പോലുള്ളവർ മോശമായി കളിക്കുമ്പോൾ അവരെ പുറത്തിരുത്താതെ ഇതുപോലെ വായാടിത്തം നടത്തി രക്ഷപ്പെടാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യൻ ആരാധകരിൽ ഒരാൾ വിമർശിച്ചു.
സൂര്യകുമാർ യാദവ് ആദ്യം കരച്ചിൽ നിർത്തിയിട്ട് താൻ ഫോമിൽ അല്ലെന്ന കാര്യം തിരിച്ചറിയണമെന്ന് മറ്റൊരു ആരാധകൻ വിമർശിച്ചു.
