നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപ്, അഭയ കൊലക്കേസിലെ ഫാ. തോമസ് കോട്ടൂര്‍, തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം, കന്യാസ്ത്രീ പീഡനക്കേസിലെ കേസിലെ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍.
സമീപകാല കേരളത്തില്‍, നമ്മുടെ സാമൂഹ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഈ കേസുകളിലെല്ലാം ഒരു കോമണ്‍ ഫാക്ടറുണ്ട്, കോടതിമുറികളില്‍ ഇവര്‍ക്കായി ഘോരഘോരം വാദിച്ച ഒരു വക്കീല്‍, പേര് അഡ്വ. ബി രാമന്‍ പിള്ള.സമീപകാലത്തായി കേരളത്തില്‍ വിവാദമായ, ഭൂരിഭാഗം കേസുകളിലും പ്രതിഭാഗത്തിനായി ഹാജരായത് അഡ്വ. രാമന്‍ പിള്ളയും സംഘവുമായിരുന്നു എന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തി ആകില്ല.
അക്കൂട്ടത്തില്‍ രാഷ്ട്രീയ കൊലപാതക്കേസുകളുടെ ഒരു വലിയ നിര പോലുമുണ്ട്. രാഷ്ട്രീയ ചായ്വിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഭാരമില്ലാതെ സിപിഐഎമ്മും ആര്‍എസ്എസും, എസ്ഡിപിഐയും കൊലക്കേസുകളില്‍ പ്രതിക്കൂട്ടിലെത്തിയപ്പോള്‍ രാമന്‍ പിള്ള അവര്‍ക്കെല്ലാം രക്ഷകനായി അവതരിച്ചതിന് രാഷ്ട്രീയകേരളം നിരവധി തവണ സാക്ഷിയായിട്ടുണ്ട്.
ആയിരം രൂപയും മളളൂരുമുണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന പ്രയോഗം ഒരു കാലത്ത് കേരളത്തില്‍ ആവര്‍ത്തിച്ചുകേട്ടിരുന്ന വാക്കുകളാണ്. മളളൂര്‍ ഗോവിന്ദപ്പിളള വാദിച്ചാല്‍ ആര്‍ക്കും ഏത് കേസില്‍ നിന്നും പുഷ്പം പോലെ ഇറങ്ങിവരാമെന്നായിരുന്നു ആ സ്തുതിപാടലിന്റെ അര്‍ത്ഥം. ഇന്ന് ഗോവിന്ദപിള്ളയ്ക്ക് പകരം ആ സ്ഥാനത്തുള്ളത് രാമന്‍ പിളള ആണെന്നാണ് പൊതു സംസാരം.
എതിര്‍ഭാഗത്ത് രാമന്‍ പിളളയാണെങ്കില്‍ വാദി ഭാഗം അഭിഭാഷകരുടെ നെറ്റിയൊരല്‍പ്പം വിയര്‍ക്കും. കോടതിയില്‍ രാമന്‍ പിളള വക്കീലിന്റെ വാദവും ക്രോസ് വിസ്താരവും നേരില്‍ കണ്ടവരെല്ലാം പറയുന്നത് ക്രോസ് വിസ്താരത്തിനിടെ തനിക്കെതിരെ നില്‍ക്കുന്നയാളെ കീറി മുറിക്കുന്ന, തനിക്കും തന്റെ കക്ഷിക്കും ജയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുന്ന ക്രിമിനല്‍ അഭിഭാഷകനാണ് രാമന്‍ പിള്ള വക്കീല്‍ എന്നാണ്.
പ്രമാദമായ കേസുകളിലെ പ്രതികള്‍ക്ക് വേണ്ടി എന്നും കോട്ടണിയുന്ന രാമന്‍ പിള്ള, തന്റെ അഭിഭാഷക ജീവിതത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഇരയായ ഒരാള്‍ക്കുവേണ്ടി ഹാജരായിട്ടുളളത്. 2010-ലെ പുത്തൂര്‍ ഷീല കൊലപാതകക്കേസിലായിരുന്നു അത്. കേസില്‍, അദ്ദേഹം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായി.
പക്ഷെ ആ കേസിന്റെ നാള്‍വഴികള്‍ അത്ര സാധാരണമായിരുന്നില്ല. ഉന്നതനായ ഒരു ബ്യൂറോക്രാറ്റിന്റെ സഹോദരിയായിരുന്നു മരിച്ച ഷീല. കേസിലെ ഒന്നാംപ്രതി 26-കാരനായ സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടതോടെ ആ കേസ് കുപ്രസിദ്ധമായി.പിന്നീട് ഈ കേസിനെ കുറിച്ച് രാമന്‍ പിള്ള പറഞ്ഞ വാക്കുകള്‍, കേസുകളില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നിലെ കാരണങ്ങളിലേക്ക് ചെറിയൊരു വാതില്‍ തുറന്നിടുന്നതാണ്.
‘പൊതുവെ എനിക്ക് പബ്ലിക് പ്രോസിക്യൂട്ടറാവാന്‍ താല്‍പ്പര്യമില്ല. ശമ്പളവും കുറവാണ്. ഐഎഎസുകാര്‍ ഉള്‍പ്പെടെയുളളവരുടെ സമ്മര്‍ദം കൊണ്ടാണ് അന്ന് ഷീല കേസ് ഏറ്റെടുത്തത്’ എന്നാണ് രാമന്‍ പിളള പറഞ്ഞത്. രാമന്‍ പിള്ള, വാദിക്കാനായി എത്തിയ കേസുകളിലെല്ലാം പ്രതികള്‍ വമ്പന്മാരായിരുന്നു.
പണവും പ്രതാപവും സ്വാധീനവും വേണ്ടുവോളമുള്ളവര്‍. നിയമത്തെ ഇഴകീറിയെടുത്ത് പ്രതിയെ അഴിക്കുള്ളിലാക്കാതെ പുറത്തെത്തിക്കാനുള്ള രാമന്‍ പിള്ളയുടെ പ്രാവീണ്യം പലരെയും കാത്തു, അപൂര്‍വം ചിലര്‍ ജയിലറകളിലായി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ കത്തോലിക്ക പുരോഹിതന്‍ റോബിന്‍ മാത്യു വടക്കാംചേരി, 1992-ലെ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, യുവനടിക്കെതിരെ ലൈംഗിക ചുവയുളള പരാമര്‍ശം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂര്‍,
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യപിച്ച് കാറോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന്‍, നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ സിദ്ധിഖ്, മയക്കുമരുന്ന് കേസില്‍ ജയിലിലായ നടന്‍ ഷൈം ടോം ചാക്കോ, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ കെ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തുടങ്ങിയവര്‍ക്കെല്ലാം വേണ്ടി ഹാജരായത് അഡ്വ. ബി രാമന്‍ പിളളയാണ്.
