കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ധ്രുവ് വിക്രമും ബേസിൽ ജോസഫും. മമ്മൂട്ടിയെ പോലെ ഒരു നടൻ ആ കഥാപാത്രം ചെയ്തു കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്ന് ധ്രുവ് വിക്രം പറഞ്ഞു. ഒരു സൂപ്പർസ്റ്റാർ അത്തരമൊരു കഥാപാത്രം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലെന്നും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത കഥാപാത്രം ആണ് കളങ്കാവലിലേതെന്നും ബേസിൽ ജോസഫ് പറഞ്ഞു.
ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ റൗണ്ട്ടേബിളിൽ ആണ് രണ്ടും പേരും മമ്മൂട്ടിയെക്കുറിച്ച് മനസുതുറന്നത്.മമ്മൂക്ക ആണ് ആ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. അദ്ദേഹത്തെ പോലെ ഒരു നടൻ ഇത്തരത്തിൽ ഒരു കഥാപാത്രം ചെയ്യുന്നത് കാണാൻ രസമായിരുന്നു.
ഇത്രയും എസ്റ്റാബ്ലിഷ്ഡ് ആയ ഒരു നടനും അത്തരമൊരു റോൾ ചെയ്യാൻ തയ്യാറാകില്ല’, ധ്രുവ് വിക്രമിന്റെ വാക്കുകൾ.അദ്ദേഹം സിനിമയിൽ ഒരു സൈക്കോപ്പാത്തിക് സീരിയൽ കില്ലർ ആണ് അവതരിപ്പിക്കുന്നത്.
ആദ്യം സിനിമയിലെ നായകനെ അവതരിപ്പിക്കാൻ ആണ് അദ്ദേഹത്തിന്റെ അടുത്ത് ചെന്നത് എന്നാൽ അദ്ദേഹം ആണ് വില്ലൻ കഥാപാത്രം ചെയ്യാം എന്ന് തീരുമാനിച്ചത്. ഒരു സൂപ്പർസ്റ്റാറും അത്തരമൊരു കഥാപാത്രം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ല. സിനിമയിൽ അദ്ദേഹം ഒരു പ്രോപ്പർ നെഗറ്റീവ് കഥാപാത്രം ആണ്.
ക്ലൈമാക്സിൽ പോസിറ്റീവ് ആയി മാറുന്ന നെഗറ്റീവ് കഥാപാത്രം അല്ല അത്’, ബേസിൽ ജോസഫിന്റെ വാക്കുകൾ.ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ രണ്ടാം വാരത്തിലും തകർപ്പൻ വിജയം തുടരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.
