ദിലീപിന് അതിജീവിതയോട് വൈരാഗ്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് മുന്നിലുളള ഏറ്റവും ശക്തമായ വഴിയായിരുന്നു മഞ്ജു വാര്യര്‍.
തങ്ങളുടെ കുടുംബ ജീവിതം തകരാന്‍ അതിജീവിതയാണ് കാരണമായത് എന്നുളള ധാരണയാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം എന്നാണ് പ്രോസിക്യൂഷന്‍ വാദം.
കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജു വാര്യര്‍ തന്റെ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ഇടയായ കാരണങ്ങള്‍ വിശദമായി തന്നെ മൊഴിയായി നല്‍കിയിട്ടുണ്ട്. ദിലീപിന് കാവ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് താന്‍ ആദ്യമായി അറിയുന്നത് നടിയില്‍ നിന്നല്ല എന്ന് മഞ്ജു വാര്യരുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന ദിലീപിന്റെ പഴയ ഫോണില്‍ കാവ്യയുടെ ചില മെസ്സേജുകള്‍ മഞ്ജു കാണാന്‍ ഇടയായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് പുറത്തായിരുന്നു. ദിലീപിന്റെ പഴയ ഫോണിലെ മെസ്സേജുകള്‍ കാവ്യയുമായുളള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു.
ഇതേക്കുറിച്ച് ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിക്കാന്‍ മഞ്ജു ശ്രമിച്ചിരുന്നു.
എന്നാല്‍ ഷൂട്ടിംഗ് തിരക്കിന്റെ പേരില്‍ ദിലീപ് സംസാരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല കാവ്യയും ഇതേക്കുറിച്ച് സംസാരിച്ചില്ല. തുടര്‍ന്ന് മഞ്ജു കാവ്യാ മാധവന്റെ അമ്മയെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.
ദിലീപും കാവ്യയും തമ്മിലുളള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് സൂചനയുണ്ടെന്നും അതില്‍ താല്‍പര്യമില്ലെന്നുമുളള തരത്തിലായിരുന്നു കാവ്യയുടെ അമ്മ സംസാരിച്ചത്.ഈ സമയത്ത് കാവ്യ വിവാഹിതയായിരുന്നു. എന്നാല്‍ ഭര്‍ത്താവുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് കാവ്യ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു.
റിമി ടോമിക്കും അതിജീവിതയ്‌ക്കും ദിലീപ്-കാവ്യ ബന്ധം സംബന്ധിച്ച് അറിയാമെന്ന് മഞ്ജുവിനോട് സൂചിപ്പിക്കുന്നത് കാവ്യയുടെ അമ്മ ആണെന്നും മഞ്ജു വാര്യരുടെ മൊഴിയില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസിനും സംയുക്താ വര്‍മ്മയ്‌ക്കും ഒപ്പം മഞ്ജു വാര്യര്‍ അതിജീവിതയെ കാണാന്‍ അവരുടെ വീട്ടില്‍ പോകുന്നു. ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ചുളള മഞ്ജുവിന്റെ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നല്‍കാന്‍ അതിജീവിത തയ്യാറായിരുന്നില്ല.
എന്നാല്‍ അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ അച്ഛന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ അതിജീവിത മഞ്ജുവിനോട് വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് സംയുക്തയുടെ വീട്ടിലേക്ക് പോയ മഞ്ജു അവിടെ വെച്ച് വീണ്ടും കാവ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു. അതിജീവിത പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു. താന്‍ കാവ്യയുമായി സംസാരിച്ചുവെന്നും ദിലീപുമായി ഇനി ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പ് തന്നുവെന്നും കാവ്യയുടെ അമ്മ മഞ്ജുവിനോട് പറഞ്ഞു.
പിന്നീട് കാവ്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു.
മഞ്ജു വാര്യര്‍ ദിലീപിന്റെ കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിളിച്ച് വരുത്തി താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ദിലീപ് തിരിച്ചെത്തി.
കാവ്യയുമായുളള ചാറ്റിംഗിനെ കുറിച്ച് മഞ്ജു ചോദിച്ചപ്പോള്‍ അത് ഓര്‍മ്മയില്ലെന്നും കാവ്യ കുട്ടിക്കളിയുളള ആളായത് കൊണ്ട് അത്തരം മെസ്സേജുകളൊന്നും കാര്യമായി എടുക്കേണ്ട എന്നുമായിരുന്നു ദിലീപിന്റെ മറുപടിയെന്നും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
അതിജീവിതയുമായി മഞ്ജു സംസാരിച്ച കാര്യം ദിലീപ് അറിഞ്ഞിരുന്നു. ഇത് ദിലീപിന്റെ സംസാരത്തില്‍ നിന്ന് തനിക്ക് വ്യക്തമായെന്ന് മഞ്ജു പറയുന്നു. ഇരുവരും തമ്മിലുളള പ്രശ്‌നം വഷളാവുകയും അത് വിവാഹമോചനത്തിലേക്ക് നയിക്കുകയുമായിരുന്നു.
