മലയാളികളുടെ മനസില്‍ എന്നും മിഴിവോടെ നില്‍ക്കുന്ന സൗഹൃദമാണ് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ളത്. ദാസന് മുത്തം നല്‍കുന്ന വിജയന്റെ ചിത്രം മലയാളികള്‍ നെഞ്ചിലേറ്റിയതും അതുകൊണ്ടാണ്.

ശ്രീനിവാസന്‍ രോഗബാധിതനായപ്പോളും ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍, അത്രയേറെ ദുഃഖിതനായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ ശ്രീനിവാസനെ ചേര്‍ത്ത് നിര്‍ത്തി ചുമ്പിക്കുമ്പോള്‍ മലയാളികളുടെ കണ്ണും മനസും നിറഞ്ഞത് അവർക്കിടയിലെ ആത്മബദ്ധത്തിന്‍റെ ഓർമ്മകള്‍ കൂടെ തികട്ടി വന്നതിനെ തുടർന്നാണ്.ദാസാ നമുക്കെന്താ ഈ ബുദ്ധി പണ്ടെ തോന്നാത്തത്’ 38 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ഡയലോഗ് കേള്‍ക്കുമ്പോള്‍ സിനിമയിലെ കഥാപാത്രങ്ങളുടെ പേര് നാവിന്‍ തുമ്പത്ത് വരുന്നുണ്ടെങ്കില്‍ ആ സിനിമ ഇടം പിടിച്ചത് ജനമനസിന്റെ അടിത്തട്ടിലായിരിക്കും.

ദാസന്റെയും വിജയന്റെയും കൂട്ടുകെട്ട് പോലെ ഊഷ്മളമായിരുന്നു ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള ബന്ധവും എന്നത് പല വേദികളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. സിനിമയിലെന്ന പോലെ ജീവിതത്തിലും മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട് ദൃഢമായിരുന്നു. ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളില്‍ ജീവന്‍ തുടിച്ചിരുന്നതിന്‍റെ ഒരു കാരണവും ആ ബന്ധമാകാം.

മലയാളത്തിന്റെ സ്വന്തം ദാസനെയും വിജയനെയും അവരുടെ ഓരോ സംഭാഷണങ്ങളെ പോലും അങ്ങനെയൊന്നും മറക്കാന്‍ മലയാളികള്‍ തയ്യാറുമല്ല.

മലയാളത്തിലെ ഏറ്റവും റിയലസ്റ്റിക്കായ കൂട്ടുകാര്‍ ആരെന്ന് ചോദിച്ചാല്‍ നിസംശയം പറയാവുന്ന ഒന്നാണ് ദാസനും വിജയനും. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പിറങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമടക്കം ഇന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കില്‍ അത് നമ്മിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.

നാടോടിക്കാറ്റ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അക്കരെ അക്കരെ അക്കരെ, അയാള്‍ കഥയെഴുതുകയാണ്, ഉദയനാണ് താരം എന്ന് തുടങ്ങി ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. നാടോടിക്കാറ്റ് എന്ന സിനിമ പല മലയാളികള്‍ക്കും ഇന്നും വെറും സിനിമ മാത്രമല്ല.

തൊഴിലില്ലായ്മ നേരിടുന്ന ഓരോ ചെറുപ്പക്കാരുടെയും ജീവിതം കൂടിയാണ്. ദാസനിലും വിജയനിലും ഇന്നും ചെറുപ്പക്കാര്‍ അവരുടെ ജീവിതം കാണുന്നു.എക്കാലത്തും പ്രസക്തമായ വിഷയങ്ങളാണ് ശ്രീനിവാസന്റെ സൃഷ്ടികളുടെ ഏറ്റവും വലിയ പ്രത്യേകത.

ശ്രീനിവാസന്റെ തൂലികയില്‍ പിറന്ന ഡയലോഗുകള്‍ പലതും കഷ്ടപ്പെടുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളുടേയും പ്രതീക്ഷകളുടേയും പ്രതിഫലനമായിരുന്നു . മനുഷ്യ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാണിക്കാന്‍ ശ്രീനിവാസന്‍ സിനിമകള്‍ക്കുണ്ടായിരുന്നു.

ശ്രീനിവാസന്‍ സിനിമയില്‍ നിന്നെടുത്ത 16 വര്‍ഷത്തെ ഇടവേളയാണ് നമുക്കുണ്ടായ വലിയ നഷ്ടം. ഇനിയും ദാസനെയും വിജയനെയും മുരളിയെയുമൊക്കെ ടിവി സ്‌ക്രീനില്‍ കാണുമ്പോള്‍ മലയാളി പറയും ‘ഇവിടെയാണ് മലയാള സിനിമ അടയാളപ്പെടുത്തപ്പെട്ടത്’.

Leave a Reply

Your email address will not be published. Required fields are marked *