കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ ഈ അറസ്റ്റ്.

നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അതേസമയം ശബരിമല സ്വര്‍ണക്കൊളള കേസില്‍ എന്‍ വിജയകുമാറിനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു.

ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. സ്വര്‍ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിരുന്നു.

നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവേചനമില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഒരു കാരണവശാലും കുറ്റവാളികളെ വേര്‍തിരിച്ച് കാണരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പത്മകുമാറിനൊപ്പം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം ഫലപ്രദമല്ല എന്നും നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *