മാനവരാശിയുടെ നിലനിൽപ്പ് കുടുംബം എന്ന എസ്റ്റാബ്ലിഷ്മെൻറിലല്ലേ എന്ന ന്യായത്തോടെ പെണ്ണുകെട്ടാൻ അനുവാദം ചോദിക്കുന്ന കോട്ടപ്പള്ളിയോട് താത്വികാചാര്യൻ കുമാരപിള്ള സ്വരം കടുപ്പിച്ചു പറഞ്ഞു.

‘എല്ലാ എസ്റ്റാബ്ലിഷ്മെൻറുകൾക്കും എതിരെയാണ് നമ്മുടെ യുദ്ധം’. കഥകളിലെ കുടുംബവും കുടുംബത്തിലെ കഥകളും അസാധാരണമായ നർമബോധത്തോടെ ശ്രീനിവാസൻ പറഞ്ഞത് അങ്ങനെയാണ്.

ഭാര്യയും കുഞ്ഞുങ്ങളും കുടുംബവും മനസ്സിൽ സ്നേഹത്തിൻറെ വിത്തു മുളപ്പിക്കുമെന്നതിനെ വരട്ടുതത്വവാദമായി അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ല.ഏറെ ചിരിപ്പിച്ച ‘ശ്രീനിക്കഥ’കളുടെ ശക്തിയും ഊർജ്ജവും ശരാശരി മധ്യവർഗ മലയാളി കുടുംബ സങ്കൽപ്പത്തിൻറെ നാലുചുവരുകൾക്കുള്ളിൽ നിന്നു സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളായിരുന്നു.

സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ,  സ്വഭാവവൈകല്യങ്ങൾ, രാഷ്ട്രീയ ധാരണകൾ, കൊടും വഞ്ചനകൾ… അങ്ങനെ എന്തിനെയും അവതരിപ്പിക്കുന്നതിനു ശ്രീനിവാസൻ കുടുംബമെന്ന സങ്കൽപം സമർത്ഥമായി ഉപയോഗിച്ചു.

അതിനു പിന്നിൽ കുടുംബസിനിമകളുടെ കച്ചവടസാദ്ധ്യത മാത്രമായിരുന്നില്ല ഉദ്ദേശ്യംമനുഷ്യസമൂഹത്തിൻറെ നിലനിൽപ്പിന് കുടുംബവും കുടുംബബന്ധങ്ങളും വേണമെന്ന സാമൂഹികബോധത്തിൽ നിന്നുണ്ടായ ചിന്തയും ഉൾച്ചേർന്നിരുന്നു.കുടുംബം കുടുംബമായിമാറുന്നത് അവിടെ സ്ത്രീയുടെ പങ്കാളിത്തം വരുന്നതോടെയാണ്.

ശ്രീനിവാസൻ സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കഥാനായകന് അച്ഛനും സഹോദരനുമില്ലെങ്കിലും അമ്മയും പെങ്ങളും നിർബന്ധമാണ്. ഇത്രയധികം പെങ്ങൾ കഥാപാത്രങ്ങളെ സിനിമകളിൽ സൃഷ്ടിച്ച മറ്റു തിരക്കഥാകൃത്തുക്കളുണ്ടോ എന്ന് സംശയം തോന്നിയേക്കാം.

പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരൻ, തലയിണമന്ത്രം, വടക്കുനോക്കിയന്ത്രം, ടി.പി. ബാലഗോപാലൻ എം. എ, സന്മനസ്സുള്ളവർക്ക് സമാധാനം, സന്ദേശം, ഗാന്ധിനഗർ സെക്കൻറ്സ്ട്രീറ്റ്, വെള്ളാനകളുടെ നാട്, മിഥുനം തുടങ്ങി ഉദാഹരണങ്ങളേറെ.

പ്രാരാബ്ധമുള്ളവനാണ് കഥാനായകൻ എന്നു കാണിക്കാൻ കല്യാണപ്രായമെത്തി നിൽക്കുന്ന പെങ്ങൾ കഥാപാത്രങ്ങൾ സഹായിക്കുമെങ്കിലും അതിലുപരി സഹോദരി കഥാപാത്രങ്ങൾ കുടുംബാന്തരീക്ഷം പോസീറ്റീവും സ്നേഹനിർഭരവുമാക്കുന്നു. കഥാനായകൻ പെങ്ങളുമായി വഴക്കുകൂടുന്ന  സന്ദർഭങ്ങളെ പ്രേക്ഷകർക്ക് സ്വന്തം അനുഭവങ്ങളുമായി ചേർത്തുവയ്ക്കാനും അതിലൂടെ കഥാനായകനെ സാധാരണീകരിക്കാനും സാധിച്ചു.

‘ശ്രീനിക്കഥ’കളിലെ നായകന് അമ്മയും പെങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബം സാമൂഹിക അംഗീകാരവും വൈകാരിക സുരക്ഷിതത്വവും വീട് എന്ന മനോഹരസങ്കൽപ്പവും നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *