സി.പി.ഐ.ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സി.പി.ഐ. നേതാക്കളെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ആ തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നും സി.പി.ഐ.ക്ക് അത് ചേരില്ലെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു.
ഇടതുമുന്നണിക്ക് മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പത്തുവർഷം എൽ.ഡി.എഫിനൊപ്പം നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം ഇപ്പോൾ മുഖ്യമന്ത്രിയെ തള്ളിപ്പറയുന്ന സി.പി.ഐ. നേതാക്കൾ ‘ചതിയൻ ചന്തു’മാരാണെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
മുന്നണിക്കുള്ളിലെ വിയോജിപ്പുകൾ പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സി.പി.ഐ.യുടെ നിലപാടുകൾ ഇടതുപക്ഷത്തിന് ഗുണകരമല്ലെന്ന രീതിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.അതേസമയം വെളളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചും സംസാരിച്ചിരുന്നു.
മുന്നാം തവണയും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളി സംസാരം തുടങ്ങിയത്. ഇനിയും അത് പറയാന്‍ തയ്യാറാണെന്നും മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞ് കൊണ്ട് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ, കഴിഞ്ഞ പത്ത് വർഷത്തിനിടെ മാറാട് കലാപം പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുന്നതിൽ തെറ്റില്ലെന്നും, പത്മകുമാറിനെക്കുറിച്ച് താൻ നേരത്തെ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും അഴിമതിക്കാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാറില്‍ തങ്ങള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു. എന്നാല്‍ അനുവാദം നല്‍കേണ്ടത് പിണറായി വിജയന് സര്‍ക്കാര്‍ അല്ലേ എന്ന ചോദ്യത്തോട് പ്രോകോപനപരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
