തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിന്, അമ്മയെ ഒരു സഹകരണ ബാങ്കിലെ ജോലിയിൽനിന്ന് ഭരണസമിതി പിരിച്ചുവിട്ടതായി ഇടുക്കിയിൽ ഒരു ആരോപണം ഉയർന്നു.സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്ന നിസ ഷിയാസിനെയാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്.

മകൻ യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങിയതാണ് നടപടിക്ക് കാരണമെന്ന് നിസ ആരോപിക്കുന്നു.നിസ കഴിഞ്ഞ ആറ് വർഷമായി കാരിക്കോട് സഹകരണ ബാങ്കിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രതിമാസം 5000 രൂപ മാത്രമായിരുന്നു ഇവരുടെ ശമ്പളം.

ഒരു താൽക്കാലിക ജീവനക്കാരിയായാണ് നിസ അവിടെ സേവനമനുഷ്ഠിച്ചിരുന്നത്. ഭർത്താവ് മരിച്ച നിസയുടെ ഏക ഉപജീവന മാർഗമായിരുന്നു ഈ ബാങ്ക് ജോലി.തൊടുപുഴ നഗരസഭയിലെ 21-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടിയാണ് നിസയുടെ മകൻ പ്രവർത്തിച്ചത്. സി.പി.ഐ.എം സ്വാധീനമേഖലയിൽ നടന്ന മത്സരത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വിഷ്ണു വിജയിച്ചതോടെ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തിയുണ്ടായി.

ഇതിനുപിന്നാലെയാണ് പ്രതികാര നടപടിയായി നിസയെ ജോലിയിൽ നിന്ന് പുറത്താക്കിയത്.മകൻ എതിർ പാർട്ടിക്കായി പ്രചാരണം നടത്തുന്നത് സംബന്ധിച്ച് ബാങ്ക് ഭരണസമിതി നിസയോട് സംസാരിച്ചിരുന്നു. താൻ മകനെ പറഞ്ഞ് മനസ്സിലാക്കിയതാണെന്നും എന്നാൽ ഇതിന്റെ പേരിലാണ് ഇപ്പോൾ നടപടിയുണ്ടായതെന്നും അവർ പറഞ്ഞു.

ഡിസംബർ 28-ന്, 31 വരെ മാത്രം ജോലിക്കു വന്നാൽ മതിയെന്ന് നിസയ്ക്ക് ബാങ്ക് അറിയിപ്പ് നൽകി. ഇതിനെ തുടർന്ന് അവർ ഏരിയ സെക്രട്ടറിയെ കാണുകയും, ജനുവരി ഒന്നാം തീയതി മുതൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.

ജനുവരി ഒന്നിന് ജോലിക്ക് എത്തിയ നിസയോട് ഇനി വരേണ്ടതില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ബാങ്ക് പ്രസിഡന്റിനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും, തന്നെ പുറത്താക്കിയതാണെന്നും നിസ മാധ്യമങ്ങളോട് വ്യക്തമാക്കി.



Leave a Reply

Your email address will not be published. Required fields are marked *